നെറ്റ് പരീക്ഷയിൽ അടിമുടി മാറ്റം; പുതിയ തീയതികൾ പ്രഖ്യാപിച്ചു

Share our post

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യു.ജിസി നെറ്റ് പരീക്ഷകൾ നടക്കുക. മുൻ രീതിയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായാണ് ഇപ്രാവശ്യം പരീക്ഷ നടക്കുക. സി.എസ്‌.ഐ.ആർ നെറ്റ് പരീക്ഷയുടെയും തീയതികൾ ഒപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 25 മുതൽ 27 വരെയുള്ള തീയതികളിലാണ് അവ നടക്കുക.

ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ജൂൺ 18ന് നടന്ന യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാ ക്രമക്കേട് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാനും തീരുമാനിച്ചിരുന്നു.

സി.എസ്‌.ഐആര്‍-യു.ജി.സി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായും ആരോപണമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നെന്നായിരുന്നു റിപ്പോർട്ട്. ജൂണ്‍ 25, 26, 27 തീയതികളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിയത് ചോദ്യപേപ്പര്‍ ചോർന്ന സാഹചര്യത്തിലാണെന്ന ആരോപണവും ഉയർന്നിരുന്നു.

ജൂണ്‍ 25 മുതല്‍ 27 വരെയുള്ള നടത്താനിരുന്ന പരീക്ഷ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് എഴുതേണ്ടിയിരുന്നത്. ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ടാണ് പരീക്ഷ മാറ്റിയതെന്നായിരുന്നു അറിയിപ്പ്. യു.ജി.സി-നെറ്റ് പരീക്ഷ റദ്ദാക്കി 48 മണിക്കൂറിനിപ്പുറമാണ് സി.എസ്‌.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണവും ഉയര്‍ന്നത്.

അതേസമയം, നെറ്റ് പേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ ബിഹാറിലേക്ക് പോയ സി.ബി.ഐ സംഘത്തെ ബിഹാറിലെ നവാഡയിൽ ഗ്രാമവാസികൾ ആക്രമിച്ചിരുന്നു. സംഘം വ്യാജമാണെന്ന് കരുതിയാണ് ഗ്രാമവാസികൾ ആക്രമിച്ചതെന്ന് ലോക്കൽ പൊലീസ് പിന്നീട് പറഞ്ഞു. ഇരുന്നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!