നാലുവർഷ ബിരുദം; ക്ലാസുകൾ ജൂലൈ ഒന്നു മുതൽ

Share our post

തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന മാറ്റങ്ങലിലൊന്നായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവാ​ഗതരെ അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. പുതിയ വിദ്യാർത്ഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസും നടത്തും.

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ആരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും.

സംസ്ഥാനതല ഉദ്‌ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും. സംസ്ഥാനതല വിജ്ഞാനോത്സവത്തിൽ ആന്റണി രാജു എംഎൽഎ, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റായ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവകലാശാലകളിലും ആർട്സ് & സയൻസ് കോളേജുകളിലും നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് അനുബന്ധമായി ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് ഈ വർഷം ജൂലൈ ഒന്നിന് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുന്നത്- മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!