കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗൻ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാൻ സർക്കാർ

Share our post

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്‌പത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്‌പത്രികള്‍ക്കായാണ് തുകയനുവദിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജില്‍ വൃക്ക, കരള്‍, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആസ്‌പത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആസ്‌പത്രിയില്‍ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!