ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗണിൽ മദ്യം വിറ്റയാളെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. അടക്കാത്തോട് പയ്യംപള്ളിൽ വീട്ടിൽ ജോർജുകുട്ടി (60) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മുൻപും നിരവധി അബ്കാരി, കോട്പ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ പേരിൽ അനധികൃതമായി മാഹിമദ്യം കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടന്നു വരവെയാണ് വീണ്ടും മദ്യവില്പനക്കിടെ പിടിയിലാകുന്നത്. ഇയാളുടെ പക്കൽനിന്നും മൂന്നര ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും പിടിച്ചെടുത്തു. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ സി.എം. ജയിംസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, കെ.കെ.ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എസ്. ശിവദാസൻ, എം.ബി.മുനീർ, സി. ധനീഷ് എന്നിവർ പങ്കെടുത്തു.