മുൻ ഭർത്താവ് നഗ്നദൃശ്യം പകർത്തി; വിവാഹമോചനം നേടിയ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് സ്വദേശിനിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുന്‍ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇയാള്‍ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയെന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
യുവതിയും മകളും മാത്രമാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ താമസിച്ചിരുന്നത്. മകളെ ഉപദ്രവിച്ചതിന് പ്രതിക്കെതിരേ നേരത്തെ പോക്‌സോ കേസും പീഡനക്കേസും നിലവിലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).