‘ഹൈബ്രിഡ് കഞ്ചാവും’ തോക്കുമായി നാല് യുവാക്കൾ പിടിയിൽ

പട്ടിക്കാട്(തൃശ്ശൂർ) : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ചെമ്പൂത്ര കോഫിഹൗസിനു മുന്നിൽ നാലു യുവാക്കളിൽനിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും പിടിച്ചെടുത്തു. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ മാണിക്കത്തുപടി സ്വദേശി വല്ലാശ്ശേരി വീട്ടിൽ ആകർഷ് (23), പാവറട്ടി ഇടിയഞ്ചിറ സ്വദേശി പുതുവീട്ടിൽ റംഷിക്ക് (24), ഗുരുവായൂർ ഇടപ്പള്ളി സ്വദേശി അമ്പലത്തുവീട്ടിൽ ഫാസിൽ (23), കൊല്ലം ഐലൻഡ് നഗർ സ്വദേശി പ്രേംജിഭവനിൽ ആദർശ് (23) എന്നിവരാണ് പിടിയിലായത്.ബെംഗളൂരുവിൽനിന്ന് കാറിൽ കഞ്ചാവും എം.ഡി.എം.എ.യും കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണുത്തിയിൽ ലഹരിമരുന്ന് പരിശോധനാ സേനയിലെ അംഗങ്ങൾ പരിശോധന നടത്തിയിരുന്നു. ഏറെനേരമായിട്ടും പ്രതികളുടെ വാഹനം കാണാതായപ്പോൾ പട്ടിക്കാട് മേഖലയിലെത്തി.
അവിടെ കോഫിഹൗസിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന നാലു പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. ശേഷം പോലീസിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചുവരുത്തി കാറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റി നടത്തിയ പരിശോധനയിലാണ് കഞ്ചാവും തോക്കും കണ്ടെടുത്തത്. നിയന്ത്രിത അന്തരീക്ഷതാപത്തിൽ അതീവശ്രദ്ധയോടെ വളർത്തുന്ന കഞ്ചാവാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ടവ. കൃഷിയിലും സംസ്കരണത്തിലും ഒരുപോലെ പ്രത്യേകതകളുള്ള ഇതിന് വിപണിയിൽ വൻ ഡിമാൻഡാണ്. ലഹരിയുടെ അളവ് താരതമ്യേന ഉയർന്ന അളവിലുള്ള ഇത് പ്രധാനമായും തായ്ലാൻഡിൽ നിന്നാണ് വരുന്നത്. ഇന്ത്യയിൽ സിക്കിം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഹൈബ്രിഡ് കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, എസ്.ഐ. സന്തോഷ്, ഡൻസാഫ് അംഗങ്ങളായ എസ്.ഐ. രാഗേഷ്, എ.എസ്.ഐ. ജീവൻ, വിപിൻദാസ്, ശരത്, സുജിത്ത്, അഖിൽ വിഷ്ണു, വൈശാഖ്, ശിഹാബുദ്ദീൻ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.