അനധികൃത കുന്നിടിക്കലിനും പാടം നികത്തലിനുമെതിരെ നിയമനടപടി വേണം: മലബാർ നേച്ചര്‍ പ്രൊട്ടക്ഷൻ ഫോറം

മലപ്പുറം : അനധികൃതമായി കുന്നിടിക്കുന്നതും പാടം നികത്തുന്നതിനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാനകമ്മിറ്റി കേരളം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭയാനകമായ നിലയിലാണ് പ്രകൃതി ദുരന്തങ്ങളെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന് പ്രധാന കാരണം അനധികൃതമായി കുന്നിടിക്കുന്നതും പാടം നികത്തുന്നതുമാണ്. കര്‍ശന നിയമവ്യവസ്ഥകള്‍ നമുക്കുണ്ടായിട്ടും നിയമത്തെ വെല്ലുവിളിച്ച് നിയമവിരുദ്ധമായ പ്രവൃത്തികളാണ് ചുറ്റുമുള്ളത്. നിയമനടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണ്. ഇത് പ്രകൃതിയുടെ സംതുലിതാവസ്ഥയെയാണ് ബാധിക്കുന്നത്.
വരാന്‍ പോകുന്ന പ്രകൃതിക്ഷോഭത്തോടൊപ്പം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇനി ജനങ്ങള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിനാല്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രകുമാറിന്‍റെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി കെ.ഷംസുദീന്‍ അവതരിപ്പിച്ചു. അബ്ദുള്‍ റഹീം പരപ്പനങ്ങാടി, അബ്ദുള്‍ സലാം ഓമാനൂര്‍, പി. സജീവന്‍ കണ്ണൂര്‍, അബ്ദുള്‍ സലാം കുണ്ടോട്ടി, ദിലേഷ് മണ്ണാര്‍ക്കാട്, അസ്ഫാക്ക് തിരൂര്‍, കുഞ്ഞാക്ക പുല്‍പ്പറ്റ, ഇബ്രാഹിം തിരൂര്‍, സുരേഷ് കുമാര്‍ നന്നമ്പ്ര എന്നിവര്‍ സംസാരിച്ചു.