കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാർക്ക് ക്ഷാമം

Share our post

കൂത്തുപറമ്പ് : ഗവ.താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. രാവിലെ എത്തി ടോക്കൺ എടുത്ത് കാത്തിരുന്നാൽ ഉച്ച ആയാലും ഡോക്ടറെ കാണാൻ കഴിയാത്ത അവസ്ഥയാണ് പല ദിവസങ്ങളിലുമെന്ന് രോഗികൾ പരാതിപ്പെടുന്നു. ബോർഡിൽ 12 ഡോക്ടർമാരുടെ പേരുണ്ടെങ്കിലും ഇന്നലെ നാലുപേർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ചിൽഡ്രൻസ്, ഡെന്റൽ ഡോക്ടർമാർക്ക് പുറമേ സർജനും കാഷ്വൽറ്റി ഡ്യൂട്ടിയിലുള്ള ഒരു ഡോക്ടറും മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുള്ളൂ. 400ലേറെ ടോക്കണുകൾ നൽകിയതു കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉള്ള ഡോക്ടറുടെ മുറിയിലേക്കാണ്. വന്നെത്തുന്ന രോഗികളിൽ ചിലരുടെ വല്ലാത്ത പെരുമാറ്റവും ശകാരവും ആസ്പത്രിയിൽ ജീവനക്കാരും ഡോക്ടർമാരും ഏറ്റുവാങ്ങേണ്ടി വരുന്നതായുമുണ്ട്. അസി.സർജൻ തസ്തികയില്ലാത്ത ആസ്പത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കൊണ്ടാണ് ഒപി സേവനങ്ങൾ ഉൾപ്പെടെ നിർവഹിക്കുന്നത്.

ഇരിട്ടിയിൽ നിന്നും മട്ടന്നൂരിൽ നിന്നും കൊളവല്ലൂരിൽ നിന്നും ഉൾപ്പെടെ പൊലീസുകാർ കേസുകളിലെ പ്രതികളെ എത്തിക്കുമ്പോൾ ഡോക്ടർമാർ ഒന്നും രണ്ടും മണിക്കൂർ സമയം ചിലവിടേണ്ടി വരുന്നു. ഇരിട്ടിയിലും മട്ടന്നൂരിലും ഇതേ നിലവാരത്തിലുള്ള ആസ്പത്രികൾ നിലനിൽക്കെ ഇത്തരം കേസുകൾ കൂത്തുപറമ്പിൽ എത്തിക്കുന്നത് ജോലിഭാരം കൂട്ടുന്നതായി ആസ്പത്രി അധികൃതർ പറയുന്നു.രോഗികളുടെ തിരക്കു പരിഗണിച്ച് ആസ്പത്രി വികസനസമിതി ഒരു ഡോക്ടറെ ഇന്റർവ്യൂ നടത്തി നിയമിച്ചിരുന്നു. എന്നാൽ, ജോലിഭാരം താങ്ങാനാവാതെ ഡോക്ടർ രാജിവച്ചു. ഇപ്പോൾ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ഒരു ഡോക്ടറെ കൂടി നിയമിക്കാൻ കഴിഞ്ഞദിവസം ഇന്റർവ്യൂ നടത്തിയിട്ടുണ്ട്. നിയമന അംഗീകാരത്തിനായി ഫയൽ ജില്ലാ കലക്ടറുടെ മുൻപിലാണ്. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും ഇടപെടാതെ ആസ്പത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല എന്നാണ് ആസ്പത്രി അധികൃതർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!