വാഹനമോടിച്ച്‌ അപകടം; കുട്ടികൾ കുറ്റക്കാരല്ലെങ്കിൽ രക്ഷിതാക്കൾക്കെതിരെ 
കേസ് നിലനിൽക്കില്ല

Share our post

കൊച്ചി : പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കുന്ന കേസുകളിൽ അവർ കുറ്റക്കാരല്ലെന്ന് ജുവനൈൽ ജസ്‌റ്റിസ് ബോർഡ് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമകൾക്കും എതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. അത്തരം സന്ദർഭങ്ങളിൽ കേസെടുക്കാൻ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യേണ്ടതില്ല. പകരം ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയെന്നും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കുട്ടികൾക്കെതിരെ കേസില്ലാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾക്കും വാഹനയുടമയ്ക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

കുട്ടികൾ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാൽ രക്ഷിതാക്കൾക്കും വാഹനയുടമയ്ക്കുമെതിരെ കേസെടുക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി 2019ലാണ് കൊണ്ടുവന്നത്. ഇതിനായി മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്തു. അതേസമയം, ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം തെളിഞ്ഞാൽ രക്ഷിതാക്കൾക്ക് മൂന്ന്  വർഷം വരെ തടവ് ലഭിക്കാം. കുട്ടികളുടെ ഗതാഗത ലംഘനങ്ങൾക്ക് ഉത്തരവാദിത്വം രക്ഷിതാക്കൾക്കായിരിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടികൾക്കെതിരായ കുറ്റം ശരിവച്ചാൽ മാത്രമേ രക്ഷിതാക്കൾക്കെതിരായ കുറ്റം നിലനിൽക്കൂ. ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നിസ്സാര കുറ്റകൃത്യത്തിലാണ് ഉൾപ്പെടുന്നത്. കുട്ടികൾ കുറ്റക്കാരായ ഇത്തരം കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുകയെന്നത് നിർബന്ധമല്ലെന്നും കോടതി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!