കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

Share our post

ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിൽ മാവോവാദി ഭീഷണി നേരിടുന്ന ആറ് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവത്തേത്. ജില്ലയിൽ ആദ്യമായി പൊതുസ്ഥലങ്ങളിൽ 100 ക്യാമറകൾ സ്ഥാപിച്ച സ്റ്റേഷനാണ് കണ്ണവം.

നിർമിച്ചത് ഹൈടെക് കെട്ടിടം

8000 ചതുരശ്രയടിയിൽ രണ്ട് നിലകളായാണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. സേവനങ്ങൾ തേടിവരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പ് കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജനസൗഹൃദ പോലീസ് സ്റ്റേഷൻ്റെ ഇരുനില കെട്ടിടത്തിലുണ്ട്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം.

വാടകക്കെട്ടിടത്തിൽ 24 വർഷം

രാഷ്ട്രീയ അക്രമസംഭവങ്ങൾ വർധിച്ചപ്പോഴാണ് കണ്ണവത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. കണ്ണവം ടൗണിന് സമീപം 24 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ കെട്ടിടത്തിൽ ഇൻസ്പെക്ടറും വനിതാ ജീവനക്കാരും ഉൾപ്പെടെ 42 ജീവനക്കാർ ജോലിചെയ്യുന്നു. തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലാണ് സൂക്ഷിക്കുന്നത്. ലോക്കപ്പ് സൗകര്യമില്ല. സമീപത്തെ വാടക മുറിയിലാണ് പോലീസുകാരുടെ വിശ്രമകേന്ദ്രം.

സ്റ്റേഷന് കെട്ടിടം നിർമാണത്തിനുള്ള സ്ഥലം വനംവകുപ്പിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിടനിർമാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 27 സെൻറാണ് വനംവകുപ്പ് പോലീസിന് വിട്ടുനൽകിയത്. കണ്ണൂരിൽ നടന്ന പോലീസിന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിൽ കണ്ണവം പൗരസമിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച മുൻ ഡി.ജി.പി. അനിൽകാന്താണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയ 27 സെൻറിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശിച്ചത്. സർക്കാർ കെട്ടിട നിർമാണത്തിന് 2.49 കോടി അനുവദിച്ചതും കെ.കെ.ശൈലജ എം.എൽ.എ.യുടെ നിരന്തര ഇടപെടലുമാണ് കെട്ടിടനിർമാണം വേഗത്തിലാക്കിയത്. 2022 നവംബർ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിടൽ കർമം നിർവഹിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!