21 ജങ്ഷനുകൾ നവീകരിക്കും; 300 കോടിയുടെ സമഗ്ര പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സമഗ്ര പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗതാഗതക്കുരുക്ക് രൂക്ഷമായ ജില്ലകളിലെ 21 ജങ്ഷനുകൾ ആധുനിക രീതിയിൽ നവീകരിക്കും. ഇതിനായി കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കും. റോഡുകളുടെ വീതികൂട്ടിയും ആവശ്യമായ മേൽപ്പാലങ്ങളും ബൈപ്പാസുകളും നിർമിച്ചുമാണ് ജങ്ഷനുകൾ വികസിപ്പിക്കുക. മികച്ച ട്രാഫിക് സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കും. വിശദപഠനം നടത്തി ഓരോ ജില്ലയിലും കുറഞ്ഞത് ഒന്ന് എന്ന നിലയിൽ വികസിപ്പിക്കാനുള്ള ജങ്ഷനുകൾ തെരഞ്ഞെടുത്തു. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ രൂപകൽപനാ നയത്തിന്റെ അടിസ്ഥാനത്തിലാകും നിർമാണം.
തിരുവനന്തപുരം ജില്ലയിലെ അമ്പലംമുക്ക് സാന്ത്വന ജങ്ഷൻ, വട്ടിയൂർക്കാവ് ജങ്ഷൻ, ജഗതി ഡിപിഐ ജങ്ഷൻ, കൊല്ലം ജില്ലയിലെ പള്ളിമുക്ക്, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി, തെങ്ങണ, ഇടുക്കിജില്ലയിലെ മൂന്നാർ, എറണാകുളം ജില്ലയിലെ എച്ച്.എം.ടി ജങ്ഷൻ, തൃശൂർ ജില്ലയിൽ ഒല്ലൂർ, പാലക്കാട് ജില്ലയിൽ കൂറ്റനാട്, കോഴിക്കോട് ഫറോക്ക് പേട്ട ജങ്ഷൻ, മലപ്പുറം പെരിന്തൽമണ്ണ, വയനാട് മാനന്തവാടി ജങ്ഷൻ, കണ്ണൂർ ചക്കരക്കൽ, പയ്യന്നൂർ സെൻട്രൽ ബസാർ എന്നീ ജങ്ഷനുകളാണ് വികസിപ്പിക്കുന്നത്. കാസർകോട് പ്രസ്‌ക്ലബ് ജങ്ഷൻ, കൊല്ലം കൊട്ടാരക്കര മാർക്കറ്റ് ജങ്ഷൻ, ആലപ്പുഴ ജനറൽ ആസ്പത്രി ജങ്ഷൻ, കോഴിക്കോട് കാരാപറമ്പ്, പാളയം എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമിക്കുക.
കേശവദാസപുരം മുതൽ അങ്കമാലിവരെ ആറു ജില്ലയിലൂടെ പോകുന്ന എം.സി റോഡ് നാലുവരിയാക്കും. ആദ്യഘട്ടമായി കൊട്ടാരക്കര ബൈപാസ് റോഡ് നിർമാണത്തിനായി 110 കോടിയുടെ ധനാനുമതി നൽകി. എം.സി റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാൻ ആദ്യഘട്ടമെന്ന നിലയിൽ 1500 കോടിയുടെ പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്.