നിക്ഷേപത്തട്ടിപ്പ്: ഹൈറിച്ച് സ്വത്ത് വീണ്ടും ജപ്തി ചെയ്‌തു

തൃശൂർ : നിക്ഷേപത്തട്ടിപ്പുകേസിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ സ്വത്ത് വീണ്ടും താൽക്കാലികമായി ജപ്തി ചെയ്‌തു. നേരത്തെയും സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്ത് പ്രത്യേക കോടതി നടപടി സ്ഥിരപ്പെടുത്തിയിരുന്നു. 60 ദിവസത്തിനകം ജപ്തി സ്ഥിരപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ 71 ദിവസത്തിനുശേഷമാണ് നടപടി പൂർത്തിയായതെന്നു പറഞ്ഞ് ഹൈറിച്ച് നൽകിയ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി ജപ്‌തി റദ്ദാക്കി വീണ്ടും നടപടിയെടുക്കാൻ നിർദേശിച്ചു. തുടർന്നാണ് ജില്ലാ മജിസ്‌ട്രേട്ടുകൂടിയായ കലക്ടർ വി ആർ കൃഷ്‌ണ തേജ ജപ്‌തി നടപടി പുനരാരംഭിച്ചത്.
തൃശൂർ ആറാട്ടുപുഴയിൽ ഗോഡൗണും ഓഫീസും സ്ഥാപിച്ച് ഹൈറിച്ച് എംഡിമാരായ കൊല്ലാട്ട് പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ നേരിട്ടും ജീവനക്കാർ വഴിയും മണി ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കോടതി നിർദേശപ്രകാരം ചേർപ്പ് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജപ്‌തി പുനരാരംഭിച്ചതോടെ, പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്തുവിൽപ്പന മരവിപ്പിക്കാൻ സബ് രജിസ്ട്രാർ ഓഫീസർമാർക്കും അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാൻ സ്ഥാപന മേധാവിമാർക്കും നിർദേശം നൽകി. ഇവരുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങളുടെ പട്ടിക തൃശൂർ ആർടിഒ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. ബഡ്‌സ് ആക്ട്‌പ്രകാരം പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്യും.