മഴക്കാലമാണ്, പൊലിയരുത് റോഡിൽ ഒരു ജീവൻപോലും

കണ്ണൂർ : റോഡിൽ ചോരപൊടിയുന്നത് തടയാൻ മഴക്കാലത്തെ വാഹന ഉപയോഗത്തിൽ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് മഴക്കാലത്താണ്. അതിനാൽ, വാഹനയാത്രികർ ഏറെ ശ്രദ്ധിക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദേശം.
കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്കരണ പരിപാടി അഗ്നിരക്ഷാസേന ജില്ലാമേധാവി എസ്.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മോട്ടോർവാഹനവകുപ്പ് ജോയിന്റ് ആർ.ടി.ഒ. റെജി കുര്യക്കോസ് മുഖ്യാതിഥിയായി.
‘മഴക്കാലമാണ് ഒരു ജീവൻപോലും പൊലിയരുത്’ എന്ന ലഘുലേഘ പ്രസ് ക്ലബ് സെക്രട്ടറി കെ. വിജേഷ് ഏറ്റുവാങ്ങി. കെ. നിയൂൺ, എ. കുഞ്ഞിക്കണ്ണൻ, സുഹനേഷ്, അനീഷ്‌കുമാർ, ജോയി, കെ. ഷൈമ എന്നിവർ സംസാരിച്ചു.
പ്രധാന നിർദേശങ്ങൾ
പരമാവധി പതുക്കെ വാഹനം ഓടിക്കുക
മഴക്കാലത്ത് യാത്ര ആരംഭിക്കുന്നതിന് മുൻപ് പ്രധാന നിയന്ത്രണ സംവിധാനങ്ങൾ (സ്റ്റിയറിങ്, ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റേർ) ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും, സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും
വാഹനം നിയന്ത്രണത്തിലാക്കാൻ മറ്റ് വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക.
ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ദിവസവും യാത്രതുടങ്ങുന്നതിന് മുൻപ് പരിശോധിക്കണം.
ഇരുചക്ര വാഹനം ഓടിക്കുന്നവർ മഴക്കാലത്ത് പരമാവധി തെളിഞ്ഞ നിറമുള്ള മഴക്കുപ്പായം ഉപയോഗിക്കുക.
വാഹനങ്ങളുടെ ചക്രങ്ങളുടെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക.