ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ അ­​ഞ്ച് പ്രതികളും അറസ്റ്റിൽ; ചരിത്രംകുറിച്ച് ‘കോഴിക്കോട് സ്ക്വാഡ്’

Share our post

കോഴിക്കോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ വ്യാജശബ്ദവും വീഡിയോയും തയ്യാറാക്കി സാമ്പത്തികത്തട്ടിപ്പ് ആസൂത്രണംചെയ്ത സംഘത്തെ മുഴുവൻ അറസ്റ്റിലാക്കി ‘കോഴിക്കോട് സ്ക്വാഡ്’. തട്ടിപ്പിൽ നഷ്ടപ്പെട്ട തുക അത്ര വലുതല്ലാതിരുന്നിട്ടും കേരളവുമായി നേരിട്ട് ഒരുബന്ധവുമില്ലാത്ത അഞ്ചുപ്രതികളെയും അവരവരുടെ സംസ്ഥാനങ്ങളിൽ ചെന്നാണ് സംഘം അറസ്റ്റുചെയ്തത്‌.

ഹൈദരാബാദ് സ്വദേശി പ്രശാന്ത് എന്ന മുഹമ്മദലി(38)യാണ് അവസാനം അറസ്റ്റിലായത്. ഇതിനുമുമ്പായി ഗുജറാത്ത് സ്വദേശികളായ കൗശൽ ഷാ, ഷേഖ് മുർതഹയാത് ഭായ്, മഹാരാഷ്ട്ര സ്വദേശികളായ സിദ്ധേഷ്‌ ആനന്ദ് കാർവേ, അമരീഷ് അശോക് പാട്ടീൽ എന്നിവരും അറസ്റ്റിലായിരുന്നു.

തട്ടിപ്പ് ഇങ്ങനെ

സാമൂഹികമാധ്യമങ്ങളിൽനിന്ന് മുതിർന്നപൗരരുടെ വിവരങ്ങളെടുത്ത് നിർമിതബുദ്ധിയുടെ സഹായത്തോടെ വ്യാജവീഡിയോയാക്കും. ഇവരിലാരെങ്കിലും രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്നും അടിയന്തര ചികിത്സയ്ക്ക് ബന്ധുക്കളോട് പണമാവശ്യപ്പെടും. ഫോണിൽ സംസാരിക്കുമ്പോൾ സംശയംതോന്നിയാൽ വീഡിയോകോളിലൂടെ വ്യാജവീഡിയോ കാണിക്കും. ഇങ്ങനെ 40,000 രൂപ നൽകിയ പാലാഴി സ്വദേശി രാധാകൃഷ്ണന്റെ പരാതിയിലാണ് കോഴിക്കോട് പോലീസ് കുറ്റവാളികളെ വലയിലാക്കിയത്‌.

ചരിത്രംകുറിച്ച് കോഴിക്കോട് സൈബർ സബ് ഡിവിഷൻ

കമ്മിഷണർ രാജ്പാൽ മീണയുടെയും ഡി.സി.പി. അനൂജ് പലിവാളിന്റെയും മേൽനോട്ടത്തിൽ സൈബർ സബ് ഡിവിഷൻ അസി. കമ്മിഷണർ പ്രേംസദൻ, ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ, എസ്.ഐ.മാരായ പ്രകാശ് പി, ഒ. മോഹൻദാസ്, സീനിയർ സി.പി.ഒ.മാരായ ബീരജ് കുന്നുമ്മൽ, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോർജ്, പി. ശ്രീജിത്ത്, ജിതേഷ്, പ്രകാശൻ എന്നിവരാണ് സംഘത്തിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!