നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യൻ്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്‌മാർട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വാഹനങ്ങളുപയോഗിക്കുന്നവർക്ക് അതിൽ നിന്ന് ഇറങ്ങാതെയും വീട്ടിലുള്ളവർക്ക് വീട്ടിൽ നിന്ന് മുറ്റത്തിറങ്ങാതെയും ഗേറ്റ് അടയ്ക്കാനും തുറക്കാനുമാവും.
എന്നാൽ എല്ലാ സാങ്കേതിക വിദ്യകളേയും പോലെ തന്നെ ഓട്ടോമാറ്റിക് ഗേറ്റുകളും മനുഷ്യരുടെ കൃത്യമായ മേൽനോട്ടത്തിലും ശ്രദ്ധയിലും പ്രവർത്തിപ്പിക്കേണ്ടവയാണ്. അത് ശരിയായ രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളതെന്നും ഉപയോഗിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകളുടെ ചില അപകടങ്ങളാണ് താഴെ പറയുന്നത്.
ഗേറ്റുകൾക്കിടയിൽ കുടുങ്ങാം, പരിക്കുകൾ പറ്റാം, മരണപ്പെടാം
ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണിത്. ഗേറ്റുകൾ അടയ്ക്കുന്ന സമയത്ത് അതിനടുത്ത് കുട്ടികളോ ആളുകളോ മൃഗങ്ങളോ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളാണ് ഇത്തരം അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതൽ. അതുകൊണ്ട് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുമ്പോഴും ഗേറ്റ് കൃത്യമായി അടയുന്നുണ്ടെന്നും സുരക്ഷിതമാണെന്നും നേരിട്ട് നോക്കി തന്നെ ഉറപ്പുവരുത്തുക.
സാങ്കേതിക പിഴവുകൾ
റിമോർട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമായതിനാലും ഗേറ്റുകൾ ലോഹനിർമിതമായതിനാലും വൈദ്യുതി സംവിധാനത്തിലെ പിഴവുമൂലം ഷോക്കേൽക്കാനും തീപ്പിടിത്തമുണ്ടാവാനുമെല്ലാം അത് കാരണമായേക്കും. കാലാവസ്ഥയോ, ഇലക്ട്രിക് സംവിധാനങ്ങളിലെ മറ്റ് പ്രശ്‌നങ്ങളോ അതിന് വഴിവെക്കാം.
സുരക്ഷാ സംവിധാനങ്ങളുടെ അഭാവം
ചില ഗേറ്റുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാവണം എന്നില്ല. അവ കേവലം തുറക്കാനും അടയ്ക്കാനും മാത്രം സാധിക്കും വിധം രൂപകൽപന ചെയ്‌തവയാവാം. എന്തെങ്കിലും തടസം ശ്രദ്ധയിൽ പെട്ടാൽ സെൻസറുകളുടെ സഹായത്തോടെ അത് തിരിച്ചറിയുകയും ഓട്ടോ റിവേഴ്‌സ് പ്രവർത്തിച്ച് ഗേറ്റുകൾ തിരികെ പോവുകയും ചെയ്യുന്ന സുരക്ഷാ സംവിധാനങ്ങളുണ്ട്. തടസങ്ങൾ തിരിച്ചറിയാൻ ആവശ്യമായ അത്രയും സെൻസറുകൾ ഇതിന് ആവശ്യമാണ്. അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഹാക്കിങ്
നൂതന ഐ.ഒ.ട്ടി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് ഗേറ്റിന്റെ പ്രവർത്തനം എങ്കിൽ അത് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതുവഴി മറ്റൊരാൾക്ക് ഗേറ്റിൻ്റെ നിയന്ത്രണം കയ്യടക്കാനാവും.
അറ്റകുറ്റപ്പണിയുടെ അഭാവം
ഓട്ടോമാറ്റിക് ഗേറ്റുകളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഗേറ്റിന്റെ ഭാഗങ്ങളെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തകരാറുകളില്ലെന്നും പരിശോധിച്ചുറപ്പിക്കണം. സെൻസറുകൾ വൃത്തിയാക്കണം. ശരിയായ രീതിയിൽ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയില്ലെങ്കിൽ അത് ഉപഭോക്താക്കൾക്ക് ഭീഷണിയായേക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നല്ല കമ്പനികളുടെ ഉല്പ്പന്നങ്ങൾ മാത്രം വാങ്ങുക.
- വിദഗ്ദരായ ആളുകളാണ് ഗേറ്റുകൾ സ്ഥാപിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
- സെൻസറുകളും ഓട്ടോ റിവേഴ്‌സ് സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- നിരന്തരം ഗേറ്റിൻ്റെ പ്രവർത്തനം നിരീക്ഷിക്കുക, അറ്റകുറ്റപ്പണികൾ നടത്തുക.
- വീട്ടിലുള്ളവർക്കെല്ലാം ഗേറ്റുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ നൽകുക.