മഴക്കാലം പലപ്പോഴും നായ്ക്കൾക്ക് രോഗങ്ങളുടെ കാലം കൂടിയായി മാറാൻ സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങൾ, ദഹനക്കേട്, ശ്വാസകോശ പ്രശ്‌നങ്ങൾ, ചർമ്മരോഗങ്ങൾ, ചെവിയുടെ പ്രശ്‌നങ്ങൾ എന്നിവ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. പെരുമഴക്കാലത്ത് നായ്ക്കളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1. നായ്ക്കൾ മഴ നനയുന്നതും ശരീരത്തിൽ ഈർപ്പമേൽക്കുന്നതും ഒഴിവാക്കുക. ശരീരവും രോമക്കെട്ടും പരിപൂർണ്ണമായി പരമാവധി ഉണക്കി സൂക്ഷിക്കുക. ടവലുകൾ, ബ്ലോവർ/ ഹെയർ ഡ്രയർ ഉപയോഗിച്ച് ശരീരം ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ ഫംഗസ്, ബാക്‌ടീരിയ എന്നിവമൂലം ചർമ്മരോഗമുണ്ടാക്കാം. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ആൻ്റിഫംഗൽ പൗഡറുകൾ, വാട്ടർലെസ് ഷാംപൂ തുടങ്ങിയവ പ്രതിരോധത്തിനായി ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോൾ പെട്ടെന്നു മഴ പെയ്‌താൽ സംരക്ഷിക്കാൻ നായ്ക്കൾക്കായി റെയിൻ കോട്ടുകളും വിപണിയിൽ കിട്ടും.
2. മഴക്കാലത്തിനു മുൻപേ നായ്ക്കളെ പൊതുവായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുക. വിരയിളക്കലും രോഗപ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മഴയെത്തുന്നതിനു മുൻപേ നൽകണം. മഴക്കാലത്ത് വിരബാധയും സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
3.നായ്ക്കൾ ശുദ്ധജലം മാത്രമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കുക. മലിനജലം വഴി രോഗമെത്താം. തിളപ്പിച്ചാറ്റിയ വെള്ളം നൽകാൻ ശ്രമിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ അവസരം നൽകരുത്.
4.പുറത്തുള്ള നടത്തവും കളിയും മഴക്കാലത്ത് മുടങ്ങും. വ്യായാമം കുറയുന്നത് ദഹനത്തെയും ശോധനയേയും ബാധിക്കുന്നു. അതിനാൽ നാരുകളാൽ സമ്പന്നമായ ഭക്ഷണം നൽകുക. മാംസാഹാരവും എണ്ണ കൂടുതലുള്ള ഭക്ഷണവും അധികമാകരുത്. വീടിനകത്ത് ചെയ്യാൻ കഴിയുന്ന വ്യായാമം നായ്ക്കൾക്ക് നൽകാം. ഉദാഹരണത്തിന് പടികൾ കയറുന്നത്. മഴക്കാലത്ത് നായക്ക് ലഭിക്കുന്ന ആക്‌ടിവിറ്റിയുടെ അടിസ്ഥാനത്തിലാവണം തീറ്റയുടെ അളവ് തീരുമാനിക്കേണ്ടത്.
5.നായയുടെ ചർമ്മത്തിന് ചേർന്ന ( ഡോക്‌ടർ നിർദ്ദേശിക്കുന്ന) ഷാമ്പൂ ഉപയോഗിച്ച് പത്തു ദിവസം കൂടുമ്പോൾ അല്ലെങ്കിൽ ഡോക്‌ടർ പറയുന്ന ഇടവേളകളിൽ നായ്ക്കളെ കുളിപ്പിക്കണം. കുളിക്കുശേഷം മുടി ഉണക്കുന്നത് പ്രധാനം. പുറത്ത് നടക്കാൻ പോകുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. കൊതുകുകടിയും മറ്റു ബാഹ്യ പരാദ ശല്യവും കുറയ്ക്കാൻ ഇത് സഹായിക്കും.
6.നഖംവെട്ടൽ, ചെവികൾ വൃത്തിയാക്കൽ, പല്ലുകളുടെ പരിശോധന, രോമാവരണ പരിപാലനം എന്നിവയടങ്ങുന്ന ഗ്രൂമിങ്ങ് കൃത്യമായ ഇടവേളകളിൽ ചെയ്യണം. മഴക്കാലത്ത് പുറത്തുപോയി വരുമ്പോഴെല്ലാം ചെവി വൃത്തിയാക്കണം. മറ്റു കാലാവസ്ഥകളിൽ മാസത്തിലൊരിക്കൽ ചെവികൾ വൃത്തിയാക്കുമ്പോൾ മഴക്കാലത്ത് അത് ദിവസേന ചെയ്യേണ്ടി വരും. ദിവസത്തിൽ രണ്ടു നേരമെങ്കിലും രോമക്കുപ്പായം ബ്രഷ് ചെയ്യണം.
7.കൊടുങ്കാറ്റും ഇടിയും മിന്നലുമൊക്കെ നായ്ക്കളിൽ മാനസിക സമ്മർദ്ദമുണ്ടാക്കാം. നായ്ക്കളെ സുരക്ഷിത സ്ഥലത്ത് പാർപ്പിക്കുകയും നമ്മുടെ സാന്നിധ്യവും സ്‌പർശവും ഉറപ്പാക്കി ആശ്വസിപ്പിക്കുകയും വേണം. മാനസിക പ്രശ്‌നങ്ങൾ അധികമായി പ്രകടിപ്പിച്ചാൽ വെറ്ററിനറി സഹായം തേടാം.
8. നായ്ക്കളുടെ പാദങ്ങൾ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇതിനായി നായ്ക്കൾക്ക് ഷൂ / ബൂട്ടുകൾ ധരിക്കാൻ നൽകുന്നവരുണ്ട്. പാദരക്ഷകൾ ധരിക്കാൻ മടി കാട്ടുന്ന നായ്ക്കളുടെ പാദങ്ങൾ അതീവശ്രദ്ധയോടെ വൃത്തിയായി ഉണക്കി സൂക്ഷിക്കണം. പുറത്തു നടക്കാൻ പോയി വരുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ കൈകാലുകൾ കഴുകി, ടവൽ/ ബ്ലോട്ടിങ്ങ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കുക.
9.നായ കിടക്കുന്ന സ്ഥലം ഈർപ്പമില്ലാതെ ഉണക്കി സൂക്ഷിക്കണം. കിടക്കാൻ മെത്തകൾ നൽകണം. കൂടും പരിസരവും ശുചിയായി നനവില്ലാതെ കാക്കണം.
10.ചൂടും ഈർപ്പവും ചേർന്ന കാലാവസ്ഥ ബാഹ്യ പരാദങ്ങൾ പെരുകാൻ കാരണമാകും. നിരവധി രോഗങ്ങൾ പകർത്താൻ ഇവയ്ക്ക് കഴിയുമെന്നതിനാൽ വെറ്ററിനറി ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഇത്തരം പരാദബാധയ്ക്കെതിരായ ഷാംപൂ, കോളർ, സ്പ്രേ, പൗഡർ എന്നിവ ഉപയോഗിക്കാം. എലികൾ, തെരുവുമൃഗങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടാകാതെ ശ്രദ്ധിക്കുക. പുല്ലിൽ നടക്കാൻ കൊണ്ടുപോകുന്നത് പരാദബാധയ്ക്ക് സാധ്യതയേറ്റുന്നു.