കോഴിക്കോട്‌ ‘യുനെസ്‌കോ സാഹിത്യ നഗരം’: പ്രഖ്യാപനം 23ന്‌

Share our post

കോഴിക്കോട്‌ : കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായി ഞായറാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട്‌ 5.30ന്‌ കണ്ടംകുളം മുഹമ്മദ്‌ അബ്‌ദുറഹിമാൻ സ്‌മാരക ജൂബിലി ഹാളിൽ തദ്ദേശമന്ത്രി എം.ബി. രാജേഷാണ്‌ പ്രഖ്യാപനം നിർവഹിക്കുക. കോർപറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്‌ മന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ്‌ പുരസ്‌കാരം. സാഹിത്യനഗരം മുദ്രയും വെബ്‌സൈറ്റും മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പ്രകാശിപ്പിക്കും. സാഹിത്യ നഗരം ഓഫീസായി ആനക്കുളം സാംസ്‌കാരിക നിലയം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിക്കുമെന്ന്‌ മേയർ ബീന ഫിലിപ്പ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബഹുമുഖ പ്രവർത്തനങ്ങളാണ്‌ സാഹിത്യനഗരം പദവി കൈവരിക്കുന്നതോടെ കോഴിക്കോട്ട് നടക്കുക. കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക പൈതൃകവും സാധ്യതകളും പ്രയോജനപ്പെടുത്തി സർഗാത്മക സമ്പദ്‌ വ്യവസ്ഥയും ഭരണനിർവഹണവും സാധ്യമാക്കും. രണ്ടുവർഷം നാലു ഘട്ടങ്ങളായാണ്‌ ആദ്യഘട്ടം പ്രവർത്തനം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, പുസ്‌തക പ്രസാധകർ, കലാ സാംസ്‌കാരിക സംഘടനകൾ, സ്ഥാപനങ്ങൾ, വിൽപ്പനശാലകൾ തുടങ്ങി എല്ലാ മേഖലയും പ്രവർത്തനങ്ങളിൽ പങ്കാളിയാകും. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെല്ലാം സാഹിത്യനഗരം എന്ന ആശയത്തെ ഉൾച്ചേർത്താവണമെന്ന്‌ മേയർ അഭ്യർഥിച്ചു.

ബ്രാൻഡിങ്, സാഹിത്യസംവാദ ഇടങ്ങൾ സജ്ജമാക്കൽ, സാഹിത്യപ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തം മെച്ചപ്പെടുത്തൽ എന്നിവയാണ്‌ ആദ്യ നാലുവർഷങ്ങളിൽ. സാഹിത്യ ആവാസ വ്യവസ്ഥയ്‌ക്ക്‌ ഇണങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ്‌ തുടർലക്ഷ്യങ്ങൾ. സാഹിത്യ മ്യൂസിയം, മീഡിയ മ്യൂസിയം, വായനത്തെരുവുകൾ, ലിറ്റററി സർക്യൂട്ട്‌, വായനമൂലകൾ തുടങ്ങിയവ ഒരുക്കും. യുനെസ്കോയുടെ സാഹിത്യനഗരപ്പട്ടികയിലുള്ള മറ്റ്‌ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സാംസ്‌കാരിക വിനിമയം, സാഹിത്യോത്സവങ്ങൾ, വിദേശ എഴുത്തുകാർക്ക്‌ താമസിച്ച്‌ സാഹിത്യരചന നടത്താനുള്ള റെസിഡൻസ്‌ പ്രോഗ്രാമുകൾ എന്നിവയും നടപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!