അരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളടങ്ങുന്ന സംഘം പിടിയില്‍

Share our post

കോഴിക്കോട് : 45 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ കരിപ്പൂർ പൊലീസ് പിടികൂടി. വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ പിണറായി സ്വദേശി മുല്ലപറമ്പത്ത് ചാലിൽ വീട്ടിൽ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക സ്വദേശി കോമത്ത് വീട്ടിൽ റിയാസ് (25), വയനാട് അമ്പലവയൽ ആയിരംകൊല്ലി സ്വദേശി പുത്തൻപുരക്കൽ ഡെന്നി (48) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽനിന്ന് ‘തായ് ഗോൾഡ്’ എന്നറിയപ്പെടുന്ന 4.8 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ബുധനാഴ്‌ച രാവിലെ വിമാനത്താവള പരിസരത്തെ ലോഡ്‌ജിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിക്കുന്നതിനിടെ റമീസിനെയും റിയാസിനെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെന്നിയെ വയനാട്ടിലെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തായ്ലൻഡിൽ നിന്ന് എത്തിക്കുന്ന വീര്യം കൂടിയ ലഹരി പദാർഥം കരിയർമാർ മുഖേന വിദേശങ്ങളിലേക്ക് കടത്തുന്നതാണ് സംഘത്തിൻ്റെ രീതി. മലപ്പുറമടക്കം വിവിധ ജില്ലകളിൽ നിന്നുള്ളവർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വിദേശ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ വലയിലാക്കിയത്.

ഗൾഫ് രാജ്യങ്ങളിൽനിന്ന് സ്വർണം കടത്താൻ കാരിയർമാരായാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം അവരറിയാതെ ബാഗുകളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്തി വറികയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കോകിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ കൊച്ചിയിൽ കസ്റ്റംസ് പിടിയിലായിരുന്നു. രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കൊണ്ടോട്ടി ഡിവൈ.എസ്.പി സിദ്ദീഖ്, കരിപ്പൂർ ഇൻസ്പെക്‌ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!