കാര്‍ഷിക സര്‍വകലാശാലയില്‍ പുതുതലമുറ കോഴ്സുകൾ

തിരുവനന്തപുരം : കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള കാർഷിക സർവകലാശാലയിൽ 20 കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി, ഫോറസ്ട്രി വകുപ്പുകൾക്ക് കീഴിലാണ് പുതുതലമുറ കോഴ്സ് ആരംഭിക്കുന്നത്. വകുപ്പിലെ ഫാക്കൽറ്റികൾ തന്നെയാണ് വിദ്യാർഥി കേന്ദ്രീകൃതവും തൊഴിൽ സാധ്യതയുള്ളതുമായ കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിവേഗം മാറുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുന്ന ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ലക്ഷ്യമിട്ടാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി. പ്രസാദ് പുതുതലമുറ കോഴ്സിന്റെ ലോഗോ പ്രകാശിപ്പിച്ചു. സർവകലാശാല വൈസ് ചാൻസലർ ബി. അശോക് ഏറ്റുവാങ്ങി. സർവകലാശാലയുടെ വെള്ളാനിക്കര, കുമരകം, വെള്ളായണി, തവനൂർ, അമ്പലവയൽ, പടന്നക്കാട് എന്നീ കേന്ദ്രങ്ങളിലാണ് പി.എച്ച്.ഡി, മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. വിദ്യാർഥികൾക്ക് വെബ്സൈറ്റ് വഴി 30 വരെ അപേക്ഷിക്കാം. കോഴ്സിന്റെ വിവരങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ 22ന് വെള്ളായണി “കേരള കാർഷിക സർവകലാശാല എഡ്യൂക്കേഷൻ ഫെയർ 2024′ എന്ന ക്യാമ്പയിൻ നടത്തും. സ്പോട്ട് അഡ്മിഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.