20 രൂപക്ക് തേനൂറും ഹണി കോള; എല്ലാ ജില്ലകളിലും ലഭ്യമാക്കും

Share our post

കോഴിക്കോട് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹണി കോള ലഭ്യമാക്കാനൊരുങ്ങി ഹോർട്ടികോർപ്പ്. പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി പ്രകൃതിദത്ത തേൻ ആണ് ഹണി കോളയിൽ ഉപയോഗിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് കോഴിക്കോട് ആലപ്പുഴ ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ഹോർട്ടികോർപ്പ് ഔട്ട്ലറ്റുകളിൽ മാത്രമാണ് ഹണി കോള ലഭ്യമായിട്ടുള്ളത്.

തേൻ, ഇഞ്ചി നീര്, ഏലക്കാ, നാരങ്ങാ നീര്, കസ്കസ് എന്നിവ ചേർത്താണ് ഹണി കോള തയ്യാറാക്കിയെടുക്കുന്നത്. ഹോർട്ടികോർപ്പിൻ്റെ കോഴിക്കോട്, മാവേലിക്കര, മൂന്നാർ, അടൂർ ഔട്ട്ലറ്റുകളിൽ മാത്രമാണ് നിലവിൽ ഇത് ലഭ്യമാകുക. സ്വാദിഷ്ടമായ ലഘുപാനീയം എന്നതിലുപരി ശരീരത്തിന് ആരോഗ്യപ്രദമാണ് എന്നതാണ് ഹണി കോളയെ മറ്റ് പാനീയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നാണ് ഉപയോഗിച്ചവർ പറയുന്നത്.

200, 300 മില്ലി കൊള്ളുന്ന ഗ്ലാസുകളിലാണ് ഹണി കോള വിൽക്കുന്നത്. ഒരു ഗ്ലാസ് ഹണി കോളയ്ക്ക് വില 20 രൂപയാണ്. പത്തനംതിട്ട അടൂർ ബൈപ്പാസിലെ ഹോർട്ടികോർപ്പിൻ്റെ സ്റ്റാളിൽ നിന്നും ഹണി കോള വാങ്ങിക്കുടിക്കാൻ ആളുകളുടെ തിരക്ക് തന്നയാണ്. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നതാണ് ആളുകളെ ഹണി കോളയിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഹോർട്ടികോർപ്പ് അടൂർ ഔട്ട്ലെറ്റ് സ്റ്റാൾ ഇൻ ചാർജ്ജ് വൈശാഖ് പറഞ്ഞു.

ഹണി കോള ആളുകൾക്ക് സ്വയം തയ്യാറാക്കുന്ന സംവിധാനം ഒരുക്കുന്നതിനെപ്പറ്റിയും ഹോർട്ടികോർപ്പ് ഇപ്പോൾ ആലോചനയിലാണ്. ‘സമൃദ്ധി നാട്ടു പീടിക’ എന്ന പേരിലാണ് പാതയോരത്ത് ഈ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത്. വൈകാതെ എല്ലാ ജില്ലകളിലേക്കും ഹണി കോള വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോർട്ടി കോർപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!