അടക്കാത്തോട് നരിക്കടവിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു

കേളകം: അടക്കാത്തോട് നരിക്കടവിൽ വിലങ്ങുപാറയിൽ ജോയിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും പറമ്പിൽ കാണപ്പെട്ടു. കടിയേറ്റ നായയുടെ കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.
നായയുടെ കരച്ചിൽ കേട്ടാണ് വീടിന്റെ പുറത്തിറങ്ങിയത്. ടോർച്ച് വെളിച്ചത്തിൽ താനും ഭാര്യയും കടുവയെ വ്യക്തമായി കണ്ടുവെന്നും ജോയ് പറഞ്ഞു. വന്യജീവി ആക്രമണം തന്നെയാണെന്നും നായയുടെ നില ഗുരുതരമാണെന്നും ആഴത്തിലുള്ള മുറിവുകളാണെന്നും ഡോക്ടർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിയിട്ടുണ്ട്.
പ്രദേശത്ത് ആദ്യമായാണ് ഒരു വന്യജീവി ആക്രമണം ഉണ്ടാകുന്നത്. ഇനിയും ഒരു ആക്രമണം ഉണ്ടാകുന്നതിനു മുൻപ് രാത്രികാലങ്ങളിൽ സ്ഥിരമായി നൈറ്റ് പെട്രോളിങ്ങ് നടത്തേണ്ട നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ആവശ്യപ്പെട്ടു.