എ.ഐ ആപ് വഴി 150 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ തയാറാക്കി പ്രചരിപ്പിച്ചു: ചെറുപുഴയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : പരിചയക്കാരും ബന്ധുക്കളുമടക്കം സ്വന്തം നാട്ടിലുള്ള നൂറ്റമ്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എ.ഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചെറുപുഴ ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. യുവതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നു ശേഖരിച്ച ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു.
ഒന്നര വർഷത്തിലേറെയായി ഇവർ ഈ രീതിയിൽ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്‍റെ ഫോണെടുത്തു നോക്കിയപ്പോൾ തന്‍റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിദ്യാർഥി ഏതാനും ചിത്രങ്ങൾ തന്‍റെ ഫോണിലേക്ക് പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു.
പോലീസ് ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് സൈബർ സെല്ലിന്‍റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത കാര്യം സൈബർ സെല്ലിന്‍റെ പരിശോധനയിലൂടെ തെളിയിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. പ്രതികൾക്കെതിരേ ഐടി ആക്ട് 67-എ വകുപ്പു പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.
സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് അംഗത്തിന്‍റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബോധവത്കരണയോഗം വിളിച്ചു ചേർത്തു. ഇതിനകം നാലു പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കൂടുതൽ പേർ പരാതി നല്കാൻ മുന്നോട്ടു വന്നാൽ അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.