പ്ലസ് വൺ: മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങും. 21ന് വൈകീട്ട് അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്മെൻ്റ് വിവരങ്ങൾ www.hscap.kerala.gov.in വഴി ലഭ്യമാകും. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.
സ്പോർട്സ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റും പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പത്ത് മുതൽ 20 വൈകീട്ട് നാല് വരെയാണ് സ്പോർട്‌സ് ക്വോട്ട പ്രവേശനം. ബുധനാഴ്‌ച രാവിലെ പത്ത് മുതൽ 21ന് വൈകീട്ട് അഞ്ച് വരെയാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയവരും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനെ തുടർന്ന് അലോട്ട്മെന്റിൽ ഇടം നേടാതെ പോയവർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.