കൊൽക്കൊത്തയുടെ ചരിത്രകാരൻ ഡോ. പി.തങ്കപ്പൻ നായർ അന്തരിച്ചു

കൊച്ചി : കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് അമ്പതിലധികം പുസ്തകങ്ങളെഴുതിയ ഡോ. പി. തങ്കപ്പൻ നായർ (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പറവൂർ ചേന്ദമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: സീതാദേവി. മക്കൾ: മനോജ്, മായ, പരേതനായ മനീഷ്. മരുമക്കൾ: രവി, സീമ.
1933ൽ ചാലക്കുടിക്കടുത്ത് മഞ്ഞപ്രയിൽ തച്ചിലേത്ത് കേശവൻ നായരുടെയും ചങ്ങനാട്ട് പാർവതിയമ്മയുടെയും ആറ് മക്കളിൽ മൂന്നാമനായി ജനനം. 21–ാം വയസ്സിലാണ് കൊൽക്കത്തയിലേക്ക് വണ്ടി കയറിയത്. 63 വർഷത്തെ കൊൽക്കത്ത വാസത്തിനു ശേഷം 2018 ഡിസംബറിലാണ് എറണാകുളത്തേക്ക് താമസം മാറിയത്.
കൊൽക്കത്തയുടെ സ്ഥാപകൻ ജോബ് ചൊർണോക്കിനെക്കുറിച്ച് 1977ൽ പുറത്തിറക്കിയ ജോബ് ചാർനോക്ക് ഫൗണ്ടർ ഓഫ് കൽക്കട്ട ആയിരുന്നു ആദ്യ പുസ്തകം. പിന്നീട് ഒറിജിൻ ഓഫ് പോലീസ് ഇൻ കൽക്കട്ട, ഒറിജിൻ ഓഫ് നാഷണൽ ലൈബ്രറി ഇൻ ഇന്ത്യ, ബി.എസ്. കേശവൻ ഫസ്റ്റ് നാഷണൽ ലൈബ്രേറിയൻ ഓഫ് ഇന്ത്യ, മാംഗോ ഇൻ ഇന്ത്യൻ ലൈഫ് ആൻഡ് കൾച്ചർ, മാര്യേജ് ആൻഡ് ഡൗറി ഇൻ ഇന്ത്യ തുടങ്ങി നിരവധി പുസ്തകങ്ങൾ എഴുതി.