ഇതല്ല, ഇതിനപ്പുറവും കയറിയവനാണ്…; തേങ്ങ കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ തളപ്പെടുത്ത് മാഷ്

വടകര : തെങ്ങിൽ നിന്ന് തേങ്ങയും ഓലയും കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ അധ്യാപകനായ ലിനീഷ് മറ്റൊന്നും ചിന്തിച്ചില്ല. സ്കൂൾ മുറ്റത്തെ തെങ്ങിൽ കയറി ഉണങ്ങിയ തേങ്ങയും ഓലയുമെല്ലാം പറിച്ചിട്ടു. കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തളപ്പും കെട്ടി ഇറങ്ങിയ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ലിനീഷിന് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രശംസയും ലഭിച്ചതോടെ സംഭവം വൈറലായി.
സ്കൂൾ മുറ്റത്തെ തെങ്ങിൽനിന്ന് തേങ്ങ പറിക്കാൻ ആളെ കിട്ടാതെ വന്നപ്പോഴാണ് ഒരുകൈ നോക്കാമെന്ന് സാമൂഹ്യശാസ്‌ത്രം അധ്യാപകനായ ലിനീഷ് തീരുമാനിച്ചത്. സ്കൂൾ അസംബ്ലിപോലും തേങ്ങ വീഴുമെന്ന പേടിയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ട അവസ്ഥ വന്നിരുന്നു. ശനിയാഴ്ച സ്കൂൾ വിട്ടശേഷം പ്ലാസ്റ്റിക് കയറെടുത്ത് തളപ്പാക്കി തെങ്ങിൽ കയറുകയായിരുന്നു.
തിരുവള്ളൂർ തുരുത്തിയിലെ പുത്തൻപുരയിൽ നാണുവിന്റെയും ലതയുടെയും മകനാണ്. അധ്യാപകനായി ജോലി കിട്ടുന്നതിനുമുമ്പ് അത്യാവശ്യം തെങ്ങ് കയറിയ പരിചയമുണ്ടായിരുന്നു. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ലിനീഷ് തെങ്ങുകയറ്റ ജോലിക്ക് പോയത്. തുടർന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റായി കോഴിക്കോട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ജോലി ചെയ്തു. പുറമേരി പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായും ജോലിനോക്കി. എച്ച്.എസ്.എ പരീക്ഷ പാസായി വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നിയമനം. രണ്ടര വർഷമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. പി.എസ്.സി.യുടെ 23 മെയിൻ ലിസ്റ്റിലും റെയിൽവേയുടെ ഗ്രൂപ്പ് ഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ശ്രുതിയാണ് ഭാര്യ. നെൽദേര മകളാണ്. കെഎസ്ടിഎ പാലയാട് ബ്രാഞ്ച് സെക്രട്ടറിയാണ്.