സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ഞായറാഴ്ച; സംസ്ഥാനത്ത് 23,666പേർ പരീക്ഷയെഴുതും

തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30വരെയും പകൽ 2.30 മുതൽ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി 23,666 പേരാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പതിനും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ടിനും മുൻപ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം.
ഡൗൺലോഡ് ചെയ്ത ഇ- അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ- അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കരുതണം. കറുത്ത ബാൾപോയിന്റ് പേനകൊണ്ട് മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ പരീക്ഷാ ഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. ഈ ദിവസം പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സി.യോട് സർക്കാർ നിർദേശിച്ചു.
യാത്രാ ക്രമീകരണവുമായി കെ.എസ്.ആർ.ടി.സി
സിവിൽ സർവീസ് പരീക്ഷ നടക്കുന്ന ഞായറാഴ്ച പരീക്ഷാർഥികൾക്കായി വിപുലമായ യാത്രാസൗകര്യമൊരുക്കി കെഎസ്‌ആർടിസി. പരീക്ഷാകേന്ദ്രങ്ങൾക്കനുസരിച്ച് ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി. തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളിൽനിന്നും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് പ്രത്യേക സർവീസ് നടത്തും. പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാർഥികൾക്ക് തിരികെ വരുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ പരീക്ഷാകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇലക്ട്രിക് ബസുകളും സർവീസ് നടത്തും.