സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടി

Share our post

തിരുവനന്തപുരം: ആധാര്‍ വിതരണ സ്ഥാപനമായ യു.ഐ.ഡി.എ.ഐ ആണ് ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയത്. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു, അത് ഇപ്പോള്‍ 2024 സെപ്റ്റംബര്‍ 14 വരെ നീട്ടി. അതായത് ഇതുവരെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് സെപ്തംബര്‍ 14 വരെ ഫീസ് കൂടാതെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാം.

10 വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും ഈ സേവനം സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 14, 2024 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ അത് ജൂണ്‍ 14 മുതല്‍ സെപ്റ്റംബര്‍ 14 വരെ നീട്ടി. അതായത് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചു. അതിനാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ എന്തെങ്കിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍, ഫീസ് കൂടാതെ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും.

ഈ നിശ്ചിത സമയപരിധിക്ക് ശേഷം ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങള്‍ പണം നല്‍കേണ്ടിവരും. യു.ഐ.ഡി.എ.ഐ നല്‍കുന്ന ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഈ സൗജന്യ സേവനം myAadhaar പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത. ഈ സേവനത്തിന്റെ സമയപരിധി നീട്ടുന്നതോടെ ആധാറിലെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യു.ഐ.ഡി.എ.ഐ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഓണ്‍ലൈനില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യും?

യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://uidai.gov.in/ ലേക്ക് ലോഗിന്‍ ചെയ്യുക. ശേഷം ഹോംപേജിലെ മൈ ആധാര്‍ പോര്‍ട്ടലിലേക്ക് പോകുക. അവിടെ ആധാര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കി ലഭിച്ച ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുക, വിശദാംശങ്ങള്‍ ശരിയാണെങ്കില്‍ ശരിയായ ബോക്‌സില്‍ ടിക്ക് ചെയ്യുക. ജനസംഖ്യാപരമായ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍, ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ഐഡന്റിറ്റി ഡോക്യുമെന്റ് തിരഞ്ഞെടുത്ത് രേഖകള്‍ അപ്‌ലോഡ് ചെയ്യുക. ഈ പ്രമാണം JPEG, PNG, PDF എന്നീ രൂപത്തില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!