സർക്കാർ പദ്ധതികളുടെ പുരോഗതി എല്ലാവർക്കും ഓൺലൈനായി അറിയാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാലാമത്തെ നൂറുദിന പരിപാടി നടപ്പിലാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഏറ്റെടുക്കുന്ന പദ്ധതികളുടെ പുരോഗതിയുടെ വിശദാംശങ്ങൾ പരിപാടി പൂർത്തിയാകുന്നതനുസരിച്ച് വെബ്സൈറ്റിൽ ലഭ്യമാകുമെന്നതാണ് നാലാം നൂറുദിന പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത. ജൂലായ് 15 ന് ആരംഭിച്ച് ഒക്ടോബർ 22-ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്ന് നൂറുദിന പരിപാടികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയിരുന്നു. ആദ്യ നൂറുദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയും രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയും മൂന്നാം നൂറുദിന പരിപാടി 2023 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയുമാണ് നടപ്പാക്കിയത്. മൂന്നാം നൂറുദിന പരിപാടിയിൽ 1295 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 100 ദിവസം കൊണ്ട് 1157 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽ മേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്കും കഴിഞ്ഞിട്ടുണ്ട്.