തിരുവനന്തപുരം: ജീവനുകൾ കാക്കാൻ രക്തമൂറ്റിനൽകി കേരളത്തിന്റെ കുതിപ്പ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 31.37 ലക്ഷം മലയാളികളാണ് രക്തദാനത്തിനായി മുന്നോട്ടുവന്നത്. ഇതിൽ 23.94 ലക്ഷവും സന്നദ്ധ രക്തദാതാക്കളാണ്. രക്തദാനം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരും ഇവർക്കൊപ്പമുണ്ട്. രക്തഘടകങ്ങൾ വേർതിരിച്ചെടുക്കാനുള്ള സർക്കാർ കേന്ദ്രങ്ങൾ 2010ൽ ഒമ്പതെണ്ണമുണ്ടായിരുന്നത് ഇന്ന് 36 ആയി ഉയർന്നു. 18നും 65നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നുമാസത്തിലൊരിക്കൽ രക്തദാനം നടത്താം. പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളിൽ ജീവൻ നിലനിർത്താൻ രക്തദാനത്തിന് സന്നദ്ധമാകണമെന്ന സന്ദേശം ഫലപ്രദമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കാലത്ത് മാത്രമാണ് രക്തദാനത്തിൽ കുറവുണ്ടായത്. ആകെ രക്തദാനത്തിന്റെ 76 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെയാണ് ലഭ്യമാകുന്നത്.
അടുത്ത വർഷത്തോടെ സന്നദ്ധ രക്തദാനം 100 ശതമാനമാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ അസിസ്റ്റന്റ് ഡയറക്‌ടർ സിനു കടകംപള്ളി പറഞ്ഞു. രക്തത്തിൽനിന്ന് പ്ലാസ്‌മ, പ്ലേറ്റ്‌ലെറ്റ്, പിആർബിസി, ക്രയോപെസിപ്പിറ്റേറ്റ് എന്നിവ വേർതിരിച്ച് ആവശ്യമുള്ള ഘടകങ്ങൾ ആവശ്യക്കാർക്ക് നൽകുന്ന രീതിയിലേക്കും കേരളം മാറുകയാണ്. ഇത് 2026നുള്ളിൽ 100 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യത്തിലെത്തുന്നതോടെ 100 ശതമാനവും ഘടകങ്ങൾ വേർതിരിച്ച് ആവശ്യക്കാർക്ക് നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.രക്തപരിശോധനയിൽ ഓട്ടോമാറ്റിക് സംവിധാനം കൊണ്ടുവരുന്നതും സജീവമായി മുന്നേറുകയാണ്. ഭൂരിഭാഗം മെഡി. കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും ഈ സംവിധാനം ഉറപ്പായി വരികയാണ്. ഒരേ സമയം നിരവധി രക്തസാമ്പിളുകൾ പരിശോധിക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
രക്തദാതാക്കളേ നന്ദി
‘രക്തദാനാഘോഷങ്ങളുടെ രണ്ട് ദശകങ്ങൾ: രക്തദാതാക്കളേ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്’ എന്നതാണ് ഇക്കുറി രക്തദാതാ ദിനത്തിന്റെ മുദ്രാവാക്യം. എ, ബി, ഒ രക്ത ഗ്രൂപ്പ് സമ്പ്രദായത്തിന്റെ സൃഷ്ടാവും നോബൽ സമ്മാന ജേതാവുമായ ഡോ. കാറൽ ലാന്റ്‌സ്റ്റിനീയറുടെ ജന്മദിനമാണ് രക്തദാതാ ദിനമായി ആചരിക്കുന്നത്. രക്തദാനത്തിൽ മാതൃകയായ 15 പേരെ രക്തദാതാ ദിനത്തോടനുബന്ധിച്ച് ആദരിക്കും. കോട്ടയം മെഡി. കോളേജിലാണ് സംസ്ഥാനതല പരിപാടി. ബ്ലഡ് ബാങ്കുകൾ കേന്ദ്രീകരിച്ചും പരിപാടികളുണ്ടാകും.