വൈശാഖോത്സവം; കൊട്ടിയൂരിൽ ഇനി ഗൂഢ പൂജകൾ

Share our post

കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. വ്യാഴാഴ്ച ഉച്ച ശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലംവെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിനു മുന്നിൽ നമസ്‌കരിച്ച് ആനകൾ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടു.

കലം പൂജകൾക്കാവശ്യമായ മൺകലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ മുഴക്കുന്നിൽ നിന്ന് മകം നാളായ വ്യാഴാഴ്ച വൈകിട്ടോടെ ഗണപതിപ്പുറത്തെ നുച്ചിലക്കാട്ട് എത്തിച്ചു. രാത്രി ഇരുട്ടിൽ മുങ്ങിയ ക്ഷേത്ര സങ്കേതത്തിലേക്ക് പടിഞ്ഞാറെ നടയിലൂടെ നല്ലൂരാനും സംഘവും കലങ്ങളുമായി എത്തി. തിരുവഞ്ചിറയിൽ മൂന്നുതവണ വലംവെച്ച് കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയിൽ കലങ്ങൾ സമർപ്പിച്ചു. സംഘത്തിലെ നല്ലൂരാൻ സ്ഥാനികൻ മാത്രം അക്കരെ കൊട്ടിയൂരിൽ തങ്ങി പൂജയ്ക്കാവശ്യമായ കലങ്ങൾ എത്തിച്ചുനൽകും. അർധരാത്രി അക്കരെ ക്ഷേത്രത്തിലെ ദീപങ്ങളണച്ച് അന്ധകാരത്തിൽ കലം പൂജകൾ തുടങ്ങി. വെള്ളിയാഴ്ചയും ശനിയാഴ്ചയും കലം പൂജകളാണ് നടക്കുക. നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും ഞായറാഴ്ച നടക്കും. തിങ്കളാഴ്ച തൃക്കലശാട്ടോടെ വൈശാഖോത്സവം സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!