കുവൈത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനാ വിമാനം പുറപ്പെട്ടു

Share our post

കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലർച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പറന്നുയർന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. വിമാനം നേരെ കൊച്ചിയിലാണ് ആദ്യം ഇറങ്ങുക. തുടർന്നായിരിക്കും ഡൽഹിയിലേക്ക് പുറപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ വിമാനത്താവളത്തിൽ ഏറ്റുവാങ്ങും. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ അവരവരുടെ വീടുകളിൽ എത്തിക്കാൻ നോർക്ക ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ ബുധനാഴ്‌ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ 24 പേർ മലയാളികളാണ്. 45 പേരിൽ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുകയെന്നാണ് വിവരം. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡൽഹിയിലേക്ക് പോകും.

23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിൽ കൊണ്ടുവരുന്നതെന്ന് നോർക്ക അധികൃതർ അറിയിച്ചു. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയിൽ സ്ഥിര താമസക്കാരനാണ്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തിയ ഉടൻ വീടുകളിലേക്കെത്തിക്കാൻ ആംബുലൻസുകൾ സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!