കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കി: ദേശീയപാത കരാർ കമ്പനിക്ക് അരലക്ഷം പിഴ

Share our post

പാപ്പിനിശ്ശേരി: കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കിയ സംഭവത്തിൽ ദേശീയപാത വികസന കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ. മാലിന്യ സംസ്‌കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് വിശ്വ സമുദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്. പാപ്പിനിശ്ശേരി തുരുത്തിയിലുള്ള വർക്ക് സൈറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഭക്ഷണശാലയിലെ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയത്.ഭക്ഷണശാലയിലെ മലിനജലം നേരിട്ട് പുഴയോരത്തെ കണ്ടൽക്കാട്ടിലേക്ക് ഒഴുക്കി വിടുകയായിരുന്നു. കുപ്പികൾ, പ്ളാസ്റ്റിക് കവറുകൾ, സിമന്റ് ചാക്കുകൾ, കൈയ്യുറകൾ, കുടിവെള്ളക്കുപ്പികൾ എന്നിവയും കണ്ടൽക്കാട്ടിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി.

തൊഴിലാളികളുടെ താമസ സ്ഥലത്തിന് പിറകിൽ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. കണ്ടൽക്കാട്ടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ഏഴു ദിവസത്തിനകം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും സ്‌ക്വാഡ് നിർദ്ദേശിച്ചു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളും പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പി.പി അഷ്രഫ്, ഇ.പി.സുധീഷ്, കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, എൻ.പ്രീജിത്, ടി.ദിവാകരൻ എന്നിവർ പങ്കെടുത്തു.അതേസമയം തുരുത്തിയിലെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തോടുകൾ നികത്തി തോടുകൾക്ക് കുറുകെ നിർമ്മിച്ച സൈഡ് വാൾ നാല് മീറ്ററോളം വീതിയിൽ പൊളിച്ച് തോട് പുനസ്ഥാപിക്കുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റിയുമായി തർക്കത്തിലുണ്ടായ സ്ഥലം നേരിൽകണ്ടു മനസിലാക്കുന്നതിന് കണ്ണൂർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ഷാജി, ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ ചക്രപാണി, കൺസൾട്ടന്റ് ജഗദീഷ് എന്നിവരും സ്ഥലത്തെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!