കുവൈത്തില്‍ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമം- നോർക്ക

Share our post

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് നോർക്ക. മരിച്ചവരിൽ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും 24 മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോർക്ക ഡെസ്കിൽ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ ഗുരുതരാവസ്ഥയിലായ ഏഴുപേർ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. കുറച്ചുപേർ ആസ്പത്രികളിൽനിന്ന് ഡിസ്‌ചാർജ് ആയിട്ടുണ്ട്. ഏറ്റവുംകുറഞ്ഞ സമയത്തിനുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയവും കുവൈത്ത് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നത്.

നോർക്കയുടെ രണ്ട് ഹെൽപ്പ് ഡെസ്‌കുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെൻ്ററിലെ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. നോർക്കയുടെ ടോൾ ഫ്രീ നമ്പരാണിത്. കുവൈത്തിൽ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്കുകളും വിവരം പരസ്‌പരം കൈമാറുന്നുണ്ട്.

എട്ടോളം പേർ കുവൈത്തിലെ ഹെൽപ്പ് ഡെസ്‌കിലുണ്ട്. ഇവർ മോർച്ചറിയിലും ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേർ മരിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സർക്കാർ ചർച്ചചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!