കൊട്ടിയൂർ വൈശാഖോത്സവം; കലം വരവ് ഇന്ന്

Share our post

കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും. സന്ധ്യക്ക് ശേഷം നല്ലൂരാനും സംഘവും മൺകലങ്ങളും തലയിലേറ്റി അക്കരെ സന്നിധാനത്തിലെത്തിയാൽ നിഗൂഢ പൂജകൾ ആരംഭിക്കും. രാത്രിയിലാണ് കലശപൂജ നടക്കുന്നത്. വ്യാഴാഴ്ച ഉച്ച മുതൽ ചിട്ടകളിലും ചടങ്ങുകളിലും മാറ്റം വരും. ഉച്ച ശീവേലി കഴിഞ്ഞ് ആനകൾ കൊട്ടിയൂർ പെരുമാളുടെ സന്നിധാനത്തിൽ നിന്നും മടങ്ങും. വിശേഷ വാദ്യവും ഇന്നു മുതൽ ഉണ്ടാകില്ല. സ്ത്രീകളുടെ ഈ വർഷത്തെ ദർശന കാലം ഇന്ന് ഉച്ചശീവേലി മദ്ധ്യത്തിൽ അവസാനിക്കും. ശീവേലി പൂർത്തീകരിക്കും മുമ്പ് സ്ത്രീകൾ ബാവലിപ്പുഴയുടെ ഇക്കരയിലേക്ക് മടങ്ങണം. തിടമ്പ് ഏറ്റുന്ന ആനകളും ശീവേലിക്ക് ശേഷം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും.

ഞായറാഴ്ച അത്തം നാളിൽ അവസാനത്തെ ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും കലശപൂജയും അന്ന് നടക്കും. തിങ്കളാഴ്ച തൃക്കലശ്ശാട്ടോടെ വൈശാഖോത്സവം സമാപിക്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!