റോഡിൽ പോലീസിൻ്റെ പരിശോധന: മദ്യപിച്ച് വാഹനമോടിച്ചാൽ പിടി വീഴും

കണ്ണൂർ : മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കൈയോടെ പിടികൂടാൻ വ്യാപക പരിശോധനയാണ് സിറ്റി പൊലീസ് പരിധിയില്‍ നടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിന് പൊലീസിന് നിയമപ്രകാരം അധികാരമുണ്ട്. ഈ വർഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ആറ് വരെ സിറ്റി പൊലീസ് പരിധിയില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായ
440 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി ആർ.ടി.ഒയ്ക്ക് അപേക്ഷ നല്‍കാൻ സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടുതലും രാത്രികാല വാഹന പരിശോധനയ്ക്കിടയിലാണ് ഇത്തരക്കാർ പിടിയിലാക്കുന്നത്. പലപ്പോഴും മദ്യപിച്ച് വാഹമോടിക്കുന്നത് ഗുരുതര വാഹന അപകടങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. വരും ദിവസങ്ങളിലും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
440 പേർ പിടിയില്‍
ഈ വർഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ആറ് വരെ സിറ്റി പൊലീസ് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 440 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. കണ്ണൂർ സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 144 കേസുകളും തലശ്ശേരി സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 175 കേസുകളും കൂത്തുപറമ്ബ് സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 121 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചാൽ
1.മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്. പുതിയ ഭേദഗതി പ്രകാരം, മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ ലൈസൻസ് താത്കാലികമായും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ലൈസൻസ് പൂർണമായും റദ്ദാക്കും.
2.മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച്, അതുവഴി ഒരാളെ മനഃപൂർവമല്ലാതെ ഇടിച്ചു കൊന്നാല്‍ ഐ.പി.സി 304എ, 279, മോട്ടർവാഹന നിയമം 185 എന്നിങ്ങനെ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കുറ്റങ്ങള്‍ നിലനില്‍ക്കുക.
3. അപകടം നടന്നാല്‍ വാഹനമോടിച്ച ആള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാല്‍ മോട്ടർ വാഹന നിയമത്തിലെ 203, 204 വകുപ്പുകള്‍ പ്രകാരം ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം. മദ്യപിച്ചെന്നു തെളിഞ്ഞാല്‍ 12 മണിക്കൂറിനകം മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കണം.