ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപക റെയ്ഡ്

Share our post

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടന്ന ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇ.ഡി. ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫുകാരുമടക്കം നൂറിലേറെ വരുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ റെയ്ഡുകളിലുണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടതിനു പിന്നാലെയാണ് ഇ.ഡി. സംഘം വ്യാപകമായ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ബിസിനസുമായി ബന്ധമുള്ളവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ രേഖകളടക്കം റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധ സ്ഥാപനം ദുബായിയിലും രജിസ്റ്റര്‍ ചെയ്തതായും ‘എച്ച്.ആര്‍.സി. ക്രിപ്റ്റോ’ എന്ന ക്രിപ്റ്റോ കറന്‍സി ബിസിനസിലൂടെ കോടികള്‍ സമാഹരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈറിച്ചിന്റെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212.45 കോടി രൂപയുടെ നിക്ഷേപം അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു.

ഹൈറിച്ച് സാമ്പത്തിക ക്രമക്കേട്: കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്

ചെറുകുന്ന്(കണ്ണൂര്‍): ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്. കണ്ണപുരം ചുണ്ടയിലെ കാട്ടിത്തറ ഫിജീഷ് കുമാറിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെമുതല്‍ റെയ്ഡ് നടന്നത്.

ഹൈറിച്ചിന് ചെറുകുന്ന് ടൗണിലും കൊവ്വപ്പുറത്തും ഓഫീസും വില്‍പ്പനശാലയുമുണ്ട്. കേസ് വന്നതോടെ രണ്ട് സ്ഥാപനങ്ങളും പൂട്ടി. ഫിജീഷ് കുമാര്‍ ഒളിവിലാണ്.

കണ്ണപുരം പോലീസ് അറിയാതെയാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിയോടെയാണ് കണ്ണൂരെത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ണപുരത്തെത്തുകയും തുടര്‍ന്ന് നാട്ടുകാരോട് സ്ഥലവും വീടും അന്വേഷിച്ച് മനസിലാക്കിയാണ് ചുണ്ടയിലെ വീട്ടിലെത്തിയത്. ഹൈറിച്ച് കമ്പനിക്കെതിരെ ഇ.ഡി.യുടെ നടപടിയും കേസും ആസ്തി മരവിപ്പിക്കലും നിലവിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!