കെ ഫോൺ ഫുൾ ഓൺ ; വാണിജ്യ കണക്‌ഷൻ 10,000 കടന്നു , 14,000 സൗജന്യ കണക്‌ഷൻ ഉടൻ

Share our post

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേ​ഗം. കെ ഫോൺ വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന്‌ കണക്‌ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14,000 കുടുംബത്തിനുകൂടി ഉടൻ സൗജന്യ കണക്‌ഷനുകൾ ലഭ്യമാക്കും. ഇതുവരെ 5856 കുടുംബത്തിനാണ് സൗജന്യ കണക്‌ഷൻ നൽകിയത്. പ്രതിദിനം 20 എം.ബി.പി.എസ്‌ വേഗത്തിൽ 1.5 ജിബി ഡാറ്റയാണ്‌ സൗജന്യ കണക്‌ഷനിൽ നൽകുന്നത്‌.

വിവിധ ജില്ലകളിൽ 26,573 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകാനുള്ള നടപടി അതിവേ​ഗത്തിലാണ്. വൻകിട കമ്പനികളിൽ കൂടുതൽ ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോ​ഗമിക്കുകയാണ്. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെ മികച്ച വരുമാനമാണ് കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും വരുമാനം ലഭിക്കും. 5000 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി. ഈ വർഷം അവസാനത്തോടെ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടും. ബെല്ലിന്‌ നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്‌, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്‌, ഡിഒടിക്ക്‌ അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെ മാസം 15 കോടി രൂപ വീതമാണ്‌ കെ ഫോണിന്‌ ചെലവ്‌.

● കണക്‌ഷൻ ലഭിക്കാൻ

വാണിജ്യാടിസ്ഥാനത്തിൽ പുതിയ കെ ഫോൺ കണക്‌ഷനും സേവനങ്ങളും ലഭ്യമാക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പും www.kfon.in എന്ന വെബ്സൈറ്റും സന്ദർശിക്കുക.

●നിരക്ക് ഇങ്ങനെ

പ്രതിമാസതുക ഡാറ്റ (ജിബി) വേഗം (എംബിപിഎസ് )
299 3000 ജിബി,
20 എംബിപിഎസ്
349 3000 30
399 4000 40
449 5000 50
499 4000 75
599 5000 100
799 5000 150
999 5000 200
1249 5000 250


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!