എക്സൈസിൽ ഒമ്പതു മാസത്തിനിടെ നിയമിച്ചത് 483 ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി സംസ്ഥാന സർക്കാർ. നിയമനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതു മാസത്തിനിടെ എക്സൈസിൽ നിയമിച്ചത് 483 ഉദ്യോഗസ്ഥരെ.
ഒക്ടോബർമുതൽ 87 എക്സൈസ് ഇൻസ്പെക്ടർമാരെയും 396 സിവിൽ എക്സൈസ് ഓഫീസർമാരെയുമാണ് നിയമിച്ചത്. ഇതിൽ 252 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 87 എക്സൈസ് ഇൻസ്പെക്ടർമാരുടെയും പരിശീലനം പുരോഗമിക്കുകയാണ്. സേനയിൽ ആകെ 343 ഇൻസ്പെക്ടർമാരും 3037 സിവിൽ എക്സൈസ് ഓഫീസർമാരുമാണുള്ളത്. ഇതിൽ 593 പേർ വനിതകളാണ്.
സ്‌കൂൾ പരിസരങ്ങളിൽ ജാഗ്രതയോടെ
അധ്യയന വർഷം ആരംഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും ലഹരിക്കെതിരെ എക്സൈസ് നിരീക്ഷണം ശക്തമാക്കി. – മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി പ്രത്യേക നിരീക്ഷണവുമുണ്ട്. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കുന്നു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നോ ടു ഡ്രഗ്സ് ക്യാമ്പയിൻ മൂന്നു ഘട്ടമായി സംഘടിപ്പിച്ചു.
നാലാംഘട്ട പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് ജില്ലകളിൽ ഡി അഡിക്‌ഷൻ സെന്ററുകളും ആരംഭിച്ചു. ഇതുവഴി ഏഴു വർഷത്തിനിടെ 1,27,549 പേരെ ചികിത്സിച്ചു. ലഹരി വിരുദ്ധ കൗൺസലിങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് തെരഞ്ഞെടുത്ത എക് സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകുന്നു.