ബസ്സ് തയ്യാര്‍, കാറും ഇരുചക്രവാഹനവും വാങ്ങി; പഠനം ഇനി കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളിലാകാം

ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂള്‍ ഈയാഴ്ച തുറക്കും. പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിന് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അട്ടക്കുളങ്ങരയിലുള്ള കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് തീയറി ക്ലാസുകള്‍ നടക്കുക.
ഇരട്ട നിയന്ത്രണ സംവിധാനമുള്ള (ക്ലച്ച്, ബ്രേക്ക്) ബസുകള്‍ നേരത്തെയുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും അടുത്തിടെ വാങ്ങിയതാണ്. ഓള്‍ട്ടോ കെ 10 കാര്‍, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗീയറില്ലാത്ത സ്‌കൂട്ടറുമാണുള്ളത്.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ ആവശ്യപ്പെടുമ്പോള്‍ പുതിയ വാഹനങ്ങളാണ് കെ.എസ്.ആര്‍.ടി.സി. തിരഞ്ഞെടുത്തിട്ടുള്ളത്. എം 80 ക്ക് പകരമാകും ഹീറോയുടെ ബൈക്ക് ഇടം പിടിക്കുക. ഗീയര്‍ ഇല്ലാത്ത വിഭാഗത്തിലും പുതിയ മോഡല്‍ വാഹനമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഈയാഴ്ച മുഖ്യമന്ത്രി ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയുന്നു. രണ്ട് പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. പഠിതാക്കള്‍ കൂടുതലുണ്ടെങ്കില്‍ രണ്ടുപേരെക്കൂടി നിയമിക്കും. അട്ടക്കുളങ്ങരയില്‍ ഗ്രൗണ്ട് സജ്ജീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിങ് സ്ഥലമാണ് മണ്ണിട്ട് ഉയര്‍ത്തി ട്രാക്ക് നിര്‍മിക്കുക. ഇതിനൊപ്പം 10 ഡ്രൈവിങ് സ്‌കൂളുകള്‍കൂടി ആരംഭിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി.യോട് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പാറശ്ശാല, ആറ്റിങ്ങല്‍, ചടയമംഗലം, ചാത്തന്നൂര്‍, എടപ്പാള്‍, മാവേലിക്കര എന്നിവയാണ് അടുത്തതായി പട്ടികയിലുള്ളത്. ഇവിടേയ്ക്ക് മറ്റു വാഹനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.