പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

തിരുവനന്തപുരം: പത്രപ്രവർത്തകനും സിനിമാ, സീരിയൽ, നാടക നടനുമായിരുന്ന പട്ടം വൃന്ദാവൻ ഗാർഡൻ ഹൗസ് നമ്പർ 61-ൽ വേണുജി എന്ന ജി. വേണുഗോപാൽ (65) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ‘കേരളപത്രിക’യിലെ മുൻ സബ് എഡിറ്റർ ആയിരുന്നു.
1987-ൽ ഇറങ്ങിയ ‘അംശിനി’ എന്ന ഹിന്ദി സിനിമയിൽ സീമാ ബിശ്വാസിന്റെ നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ‘ഗൗരിശങ്കരം’, ‘മേഘസന്ദേശം’, ‘സായ്‌വർ തിരുമേനി’, ‘ആഘോഷം’, ‘കൃഷ്‌ണാ ഗോപാലകൃഷ്‌ണ’ എന്നീ സിനിമകളിലും ‘ഓമനത്തിങ്കൾ പക്ഷി’, ‘ഡിറ്റക്‌ടീവ് ആനന്ദ്, കായംകുളം കൊച്ചുണ്ണി, താമരക്കുഴലി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ‘തെയ്യം’, ‘ആഢ്യകവി തോലൻ’, ‘ആസ്ഥാന വിദൂഷകൻ’ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: അജിത.ബി.പിള്ള (റിട്ട. അധ്യാപിക, ചിന്മയ വിദ്യാലയം ആറ്റുകാൽ). മക്കൾ: ആരതി ഗോപാൽ (യു.കെ.), അഞ്ജലി ഗോപാൽ (വല്ലത്ത് എജുക്കേഷൻ). മരുമക്കൾ: ജയകൃഷ്‌ണൻ (യു.കെ.), ശബരികൃഷ്ണൻ (ഐ.ആർ.സി.ടി.സി.). സഞ്ചയനം വെള്ളിയാഴ്‌ച 8.30-ന്.