കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മാറ്റം വേണമെന്ന് സതീശൻ; മാറില്ലെന്ന് സുധാകരൻ

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റുമായി ഒത്തുപോകാനാകില്ലെന്നും സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞദിവസം നടന്ന എഐസിസി യോഗത്തിനിടെയാണ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ട് സതീശൻ ഇക്കാര്യമുന്നയിച്ചത്. മാറിക്കൊടുക്കില്ലെന്ന നിലപാടിലാണ് സുധാകരൻ. മാറ്റാൻ കാരണമില്ലെന്ന നിലപാട് ഹൈക്കമാൻഡും സ്വീകരിച്ചതോടെ സതീശന്റെ മോഹത്തിന് തിരിച്ചടിയേറ്റു.
സുധാകരൻ വിജയിച്ചാലും നേരിയ വോട്ടിനാകും എന്നാണ് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടിയത്. സംസ്ഥാനത്താകെയുണ്ടായ യു.ഡി.എഫ് തരംഗത്തിൽ സുധാകരനും ഭൂരിപക്ഷമുണ്ടായത് സതീശനെ വെട്ടിലാക്കി. സുധാകരൻ നേരിയ വോട്ടിന് ജയിച്ചാലും മാറ്റാം എന്നാണ് സതീശനും കൂട്ടരും കരുതിയത്. പ്രതീക്ഷയ്‌ക്ക് വിരുദ്ധമായുള്ള സുധാകരന്റെ ജയമാണ് ഹൈക്കമാൻഡിൽ സമ്മർദം ചെലുത്താൻ സതീശന് പ്രേരണയായത്. സുധാകരനുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നാണ് സതീശന്റെ അഭിപ്രായം. തന്നെ വെട്ടിലാക്കുന്ന നിലപാടുകളും പരസ്യമായ തെറിവിളിയുമടക്കമുള്ള കാര്യങ്ങൾ സതീശൻ ചൂണ്ടിക്കാട്ടുന്നു. ഇത് മതിയായ കാരണമായി ഹൈക്കമാൻഡ് കാണുന്നില്ല. കെ.സി. വേണുഗോപാലിന്റെ പിന്തുണ സുധാകരനുണ്ട്. മികച്ച വിജയമുണ്ടായിട്ടും മാറ്റാനാണ് നീക്കമെങ്കിൽ സതീശനും മാറണമെന്ന അഭിപ്രായത്തിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്.
സംഘടനാ പ്രശ്‌നങ്ങൾക്ക് കാരണം താൻ മാത്രമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് സുധാകരൻ പറയുന്നത്. ഇരട്ടപദവി ചൂണ്ടിക്കാട്ടിയാണ് മത്സരത്തിനില്ലെന്ന് നേരത്തേ സുധാകരൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇരുപദവിയും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടില്ലെന്നാണ് ഇപ്പോൾ സുധാകരന്റെ ന്യായം. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ സുധാകരന് സ്വീകരണം ഏർപ്പെടുത്തിയിരുന്നു.