നന്ദി പറയാനായി രാഹുല്‍ ഗാന്ധി 12ന് വയനാട്ടിൽ

Share our post

കല്പറ്റ: വോട്ടർമാരോട് നന്ദി പറയാനായി ജൂണ്‍ 12ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം. ജൂണ്‍ 14നോ 15 നോ വയനാട് ലോക്സഭ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം ലോക്സഭ സ്പീക്കർക്ക് കത്ത് നല്‍കുമെന്നാണ് സൂചന. അതേസമയം, വയനാട്ടില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ്. സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിർത്തുമെന്നോ രാഹുല്‍ കൂടിക്കാഴ്ചയില്‍ നേതാക്കളോട് മനസ്സ് തുറന്നില്ല. രാഹുല്‍ഗാന്ധി വയനാട് ലോക്സഭാസീറ്റ് ഒഴിഞ്ഞേക്കുമെന്നും ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തിയേക്കുമെന്നും കഴിഞ്ഞദിവസം തന്നെ സൂചനയുണ്ടായിരുന്നു.

ഇന്ത്യ സഖ്യം വൻമുന്നേറ്റമുണ്ടാക്കിയ യു.പി.യില്‍ കോണ്‍ഗ്രസിന്റെ കരുത്തുകൂട്ടാൻ മാറിയ പ്രതിച്ഛായയുള്ള രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാർട്ടി കരുതുന്നത്. ഇക്കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത്. ശനിയാഴ്ച ചേർന്ന വിപുലീകൃത കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഐക്യകണ്ഠ്യേന പ്രമേയവും പാസാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!