വയനാട്ടിലെ റാഗിംഗ് പരാതി: വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റാഗിംഗിനും മർദ്ദനും വിധേയനായ പരാതിയിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ – അക്കാഡമിക്സ് എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും മർദ്ദനമേറ്റകുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ്‍പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി.ടി.എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.