ശബരിമല തീർഥാടനം: അരവണയ്ക്ക് ക്ഷാമമുണ്ടാകില്ല, ഇത്തവണ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി

Share our post

തിരുവനന്തപുരം:അടുത്ത ശബരിമല തീർഥാടനകാലത്തേക്ക്‌ അരവണയും അപ്പവും തയ്യാറാക്കാൻ ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലേലം പൂർത്തിയായി. കഴിഞ്ഞ തീർഥാടനകാലത്ത് ശർക്കരക്ഷാമം അരവണ വിൽപ്പനയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ നേരത്തേ ഒരുക്കം തുടങ്ങിയത്.

പ്രസാദം തയ്യാറാക്കാൻ 19 സാധനങ്ങളുടെ ടെൻഡർ നടപടികൾ ഏപ്രിലിൽ ആരംഭിച്ചിരുന്നു. ഇതിൽ ശർക്കര ഉൾപ്പെടെ 16 ഇനങ്ങളുടെ ലേലം പൂർത്തിയായെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വനം വികസന കോർപ്പറേഷനിൽനിന്ന് ഏലയ്ക്ക സംഭരിക്കും. കഴിഞ്ഞതവണ ഏലയ്ക്കയിൽ അനുവദനീയമായതിൽ കൂടുതൽ കീടനാശിനി അംശം കണ്ടതിനെത്തുടർന്ന് അരവണ വിൽപ്പന ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടെ 6.5 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായി.

സാമ്പത്തികനഷ്ടവും വിവാദങ്ങളും ഒഴിവാക്കാനാണ് വനംവികസന കോർപ്പറേഷന്റെ ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ തീരുമാനിച്ചത്. കേടായ 6.5 ലക്ഷം ടിൻ അരവണ ശബരിമല സന്നിധാനത്തുനിന്ന് നീക്കാൻ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.തീർഥാടനകാലത്തുമാത്രം 40 ലക്ഷം കിലോ ശർക്കരവേണം.

മഹാരാഷ്ട്രയിലെ ഏജൻസിയാണ് കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞനിരക്കിൽ ശർക്കര കരാർ ഏറ്റത്. വടക്കേയിന്ത്യയിൽ ശർക്കരക്ഷാമം ഉണ്ടായപ്പോൾ കരാറിൽപ്പറഞ്ഞതിനെക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ട് ഏജൻസികൾ വിതരണം നിർത്തിവെച്ചതാണ് കഴിഞ്ഞ തീർഥാടനകാലത്ത് പ്രതിസന്ധിയുണ്ടാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!