ആറളത്ത് വനപാലകർക്ക് വഴികാട്ടിയായി ലക്ഷ്മണൻ 50-ാം വർഷത്തിലേക്ക്

കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലയും എഴുപത് പിന്നിട്ട ലക്ഷ്മണന്റെ പാദസ്പർശനമേറ്റിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ ലക്ഷ്മണന് ആരോടും പരാതികളോ ,പരിഭവങ്ങളോ ഇല്ല. ഒന്നര രൂപ കൂലിക്കാരനായി വന നിരീക്ഷകനായി ആറളത്ത് വന സേവനം തുടങ്ങിയ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്നും വന നിരീക്ഷണം നടത്തുന്നത്.
മീൻമുട്ടി വെള്ളച്ചാട്ടവും ഭൂതം കല്ലും പക്ഷിപാതാളവും രാമച്ചി വെള്ളച്ചാട്ടവും കുടക് വനത്തോട് ചേർന്ന ആറളത്തിന്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടന്റെ സംഘത്തിനാണ്. ആറളം വനം സർക്കാർ ഏറ്റെടുത്ത് വന്യ ജീവി സങ്കേതമാക്കുന്നതിന് മുമ്പ് മുതൽ ആറളം വനത്തിന്റെ തുടിപ്പുകളറിയുന്നവരിൽ അവശേഷിക്കുന്നയാൾ ലക്ഷ്മണേട്ടൻ മാത്രമാണെന്ന് നാട്ടുകാരും ഓർക്കുന്നു. കാട്ടാനകളുടെയും, കടുവകളുടെയും, പുലി ,കാട്ട് പന്നി തുടങ്ങി ക്ഷുദ്രജീവികളുടെയും മുമ്പിൽ അകപ്പെട്ട സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം ലവലേശമില്ല ലക്ഷ്മണന്.വനം വകുപ്പുദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് അവർക്ക് മുന്നെ വഴികാട്ടിയായി വെളിച്ചം തെളിക്കുകയാണ് ലക്ഷ്മണൻ.