ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദത്തില്‍. സാധാരണ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്താറുള്ളത്.
സംശയം ദൂരീകരിക്കാന്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും (എന്‍.ടി.എ.) പരാതിനല്‍കി. ഫലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന, പരീക്ഷ എളുപ്പമായത് തുടങ്ങിയവയാണ് കൂടുതല്‍പ്പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് എന്‍.ടി.എ.യുടെ വിശദീകരണം.
പുറമേ, ചോദ്യപ്പേപ്പറിലെ പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ് മാര്‍ക്ക് 44 പേരെ 720 മാര്‍ക്കിലെത്തിച്ചു. ഒന്നാംറാങ്ക് നേടിയ 67 പേര്‍ക്കും എയിംസില്‍ പ്രവേശനം ലഭിക്കില്ലെന്നും മെറിറ്റ് കണക്കാക്കി ടൈബ്രേക്കറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും ഏജന്‍സി അറിയിച്ചു.
പ്രവേശന സാധ്യതയിൽ ആശങ്ക
എസ്.ഡി. സതീശന്‍ നായര്‍
കോട്ടയം: മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നീറ്റ് യു.ജി. പരീക്ഷയില്‍ ഏറെപ്പേര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയവര്‍ക്കുപോലും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക. 720-ല്‍ 720 മാര്‍ക്കും നേടി 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്.
2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.
ഉയര്‍ന്ന സ്‌കോറിന് കാരണമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കേന്ദ്രങ്ങള്‍ പറയുന്നത് പല കാരണങ്ങളാണ്. ഒന്നാമത്, കെമിസ്ട്രിയില്‍ ഒരു ചോദ്യത്തിന് ഓപ്ഷന്‍ നല്‍കിയ നാലു ഉത്തരങ്ങളില്‍ രണ്ടെണ്ണം ശരിയായി കണക്കാക്കേണ്ടിവന്നു.
ആറ്റങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എന്‍.സി.ഇ.ആര്‍.ടി.യുടെ പഴയ പുസ്തകത്തിലും പുതിയ പുസ്തകത്തിലും ഈ രണ്ട് ഉത്തരങ്ങളും മാറിമാറി വന്നതാണ് കാരണം. അതിനാല്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയവര്‍ക്ക് ആ ചോദ്യത്തിന്റെ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇതിലൂടെ ഒറ്റയടിക്ക് 44 പേര്‍ മുഴുവന്‍ മാര്‍ക്കിലേക്ക് കടന്നു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൂടുതലായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 97 ശതമാനം പേരും പരീക്ഷ എഴുതി. പരീക്ഷ എളുപ്പമായിരുന്നു എന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ചും ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങള്‍ കൂടുതല്‍ ലളിതമായിരുന്നു.
ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത് എ.ഐ.ഐ.എം.എസിലെ പ്രവേശനമാണ്. കഴിഞ്ഞവര്‍ഷം അവിടെ ഓപ്പണ്‍ മെറിറ്റല്‍ 57 റാങ്ക് വരെ ഉള്ളവര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തവണ ഒന്നാം റാങ്കുകാര്‍ക്കെല്ലാംതന്നെ അവിടെ പ്രവേശനം ഉറപ്പില്ല. കേരളത്തില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓപ്പണ്‍ മെറിറ്റില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കപ്പെട്ട കട്ട് ഓഫ് മാര്‍ക്കിനെക്കാള്‍ 10 ശതമാനം മാര്‍ക്കെങ്കിലും കൂടുതലാവും ഇത്തവണ കട്ട് ഓഫായി വരുക എന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് ടി.പി. സേതുമാധവന്‍ പറയുന്നു.
ഉയര്‍ന്ന മാര്‍ക്കിന് പിന്നില്‍ ക്രമക്കേടുകളുണ്ടോ എന്ന ആശങ്ക രക്ഷിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരേ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ അരഡസനോളംപേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്.