നീറ്റ് പരീക്ഷയിലെ അപാകം: സൈലം സുപ്രീംകോടതിയിലേക്ക്

Share our post

കോഴിക്കോട്: നീറ്റ് പരീക്ഷയിലും ഫലത്തിലും വന്ന അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈലം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ലിജീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യവ്യാപകമായി നീറ്റ് പരീക്ഷയില്‍ തിരിമറികള്‍ നടന്നെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കുമാത്രമേ മുഴുവന്‍മാര്‍ക്കായ 720 കിട്ടാറുള്ളൂ. ഇപ്രാവശ്യം 67 പേര്‍ക്ക് 720 കിട്ടി. ഇതില്‍ത്തന്നെ അസ്വാഭാവികതയുണ്ട്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മാത്രമാണ് മുഴുവന്‍മാര്‍ക്കും നേടിയ കുട്ടികള്‍ കൂട്ടമായുള്ളത്. പരീക്ഷയ്ക്കുമുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നെന്ന ആരോപണവും പരീക്ഷനടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യക്കടലാസ് കണ്ട വാര്‍ത്തയുമെല്ലാം, ചോദ്യപേപ്പര്‍ പലയിടത്തും നേരത്തേ ലഭ്യമായിട്ടുണ്ടാവുമെന്നതിന്റെ സൂചനയാണ്.

ഒന്നാംറാങ്ക് കിട്ടിയ 67 പേരില്‍ 47 പേരും ഗ്രേസ് മാര്‍ക്കിലൂടെയാണ് ആറാങ്കിലെത്തിയത്. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിലെ ഉത്തരവിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍.ടി.എ.യുടെ ആദ്യവിശദീകരണം. പരീക്ഷ വൈകിത്തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിനുപകരം കൊടുത്തതാണ് മാര്‍ക്കെന്നാണ് രണ്ടാമത്തെ വിശദീകരണം. ഇത് രണ്ടും ന്യായമല്ല. ഫലം സ്റ്റേചെയ്യണമെന്നും മൂല്യനിര്‍ണയം സുതാര്യമാക്കണമെന്നും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. പത്രസമ്മേളനത്തില്‍ അക്കാദമിക് ഹെഡ് ഗീതാ പ്രസാദ്, മാനേജര്‍ മുഹമ്മദ് ജാബിര്‍, ഓണ്‍ലൈന്‍ മാനേജര്‍ ടി.കെ. ഫമീല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!