താലൂക്ക് ആസ്പത്രിയിൽ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

തളിപ്പറമ്പ് : മഞ്ഞപ്പിത്തത്തിന് ചികിത്സയിലുള്ള രോഗിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി. പനങ്ങാട്ടൂരിലെ 39 കാരിക്കാണ് ഉപയോഗശൂന്യമായ ഗുളിക ലഭിച്ചത്. രോഗി ഏതാനും ദിവസം ആസ്പത്രിയിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ ആസ്പത്രിയിലെത്തി സൂപ്രണ്ടിനോട് പരാതിപ്പെട്ടു. തളിപ്പറമ്പിലും പരിസരത്തുമായി 26 മഞ്ഞപ്പിത്തരോഗികളെ കണ്ടെത്തിയിരുന്നു. ഇവരിൽ പലരും താലൂക്ക് ആസ്പത്രിയിലാണ് ചികിത്സക്കെത്തിയത്. മറ്റു പലർക്കും കാലാവധി കഴിഞ്ഞ ഗുളിക ലഭിച്ചോയെന്നും സംശയമുണ്ട്. ഫാർമസിസ്റ്റിന് പറ്റിയ പിഴവാണിതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. ഗിഫ്രിൻ സുരേന്ദ്രൻ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് തിരിച്ചുവാങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.