പൂട്ടിയ ഷോറൂമിലെ കാറെടുത്ത് കറങ്ങിയ സെയിൽസ് മാനേജർക്ക് പണികിട്ടി; 3.42 ലക്ഷം പിഴ അടയ്ക്കണം

Share our post

കാക്കനാട്: മോട്ടോർ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാർ ഷോറൂമിലെ പുത്തൻ വാഹനത്തിൽ കറങ്ങിയ സെയിൽസ് മാനേജർക്ക് വൻ പണികിട്ടി. ചേർത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആർ.ടി.ഒ. കെ. മനോജിന്‍റെ നടപടി. ഇയാൾ 3.42 ലക്ഷം രൂപ നികുതിയിനത്തിൽ അടയ്ക്കണം. പ്രവർത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇൻഫോപാർക്ക്-എക്സ്പ്രസ് ഹൈവേയിൽ സ്കൂൾവാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കിടെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ. അസീമിന്റെ വലയിൽ സെയിൽസ് മാനേജറുടെ നമ്പറില്ലാ കാർ വീണത്.

പരിശോധനയിൽ മാസങ്ങൾക്കു മുൻപ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാർ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാർ ഷോറൂമിലെ വാഹനം നമ്പർപ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കിൽ ഒരുവർഷത്തെ ടാക്സ് അടച്ച രേഖ, ട്രേഡ് സർട്ടിഫിക്കറ്റ്, എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിർബന്ധമാണ്. എന്നാൽ ഇതൊന്നുമില്ലാതെ ഒരുവർഷമായി ഈ കാർ സെയിൽസ് മാനേജർ ഉപയോഗിച്ചുവരുകയായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.ഷോറൂം വാഹനമായതിനാൽ ആരും പരിശോധിക്കില്ലെന്ന ധാരണയിലാണ് വാഹനം ഉപയോഗിച്ചുപോന്നത്. ഇതുവരെ 19,500 കിലോമീറ്ററോളം കാർ ഓടിച്ചിട്ടുണ്ടെന്നും വെഹിക്കിൾ ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!