തളിപ്പറമ്പിൽ 24 പേർക്ക് മഞ്ഞപ്പിത്തം: രോഗവ്യാപനം തടയാൻ മുൻകരുതൽ

Share our post

തളിപ്പറമ്പ്: നഗരത്തിൽ ഒരു കെട്ടിട സമുച്ചയത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി. കിണർ വെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്ത ബാധ വ്യാപിച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ഏഴോം പി.എച്ച്.സി, ജില്ലാ ആരോഗ്യ വിഭാഗം പ്രതിനിധികളും ചേർന്ന് പരിസരത്തെ മറ്റു കിണറുകൾ പരിശോധന നടത്തി.

കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തുന്നതിന് നിർദ്ദേശിക്കുകയും മാലിന്യ സംസ്‌ക്കരണമുൾപ്പെടെ പോരായ്മകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ കിണറുകൾ പരിശോധിച്ചപ്പോൾ പലതും മോശമായ സാഹചര്യത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. അവയൊക്കെ ക്ലോറിനേഷൻ നടത്തുന്നതിനും നിർദ്ദേശം നൽകി. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിച്ചു.

മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ച കെട്ടിട സമുച്ചയത്തിന് സമീപത്തെ മറ്റ് കെട്ടിട സമുച്ചയങ്ങളിലെ കിണറുകളും പൊതു ശുചിമുറികളും മലിനമായി കിടക്കുന്നതിനാൽ ഇവ ശുചീകരിക്കുന്നതിന് കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിനും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനും നടപടി സ്വീകരിച്ചു.

വെള്ളം പരിശോധിച്ച് റിപ്പോർട്ട് നല്കണം

സമീപത്തുള്ള സ്‌കൂളുകൾക്കെല്ലാം രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി. നഗരത്തിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം സപ്ലൈ ചെയ്യുന്ന ഏജൻസികൾ, വ്യക്തികൾ, നഗരസഭയിൽ രജിസ്റ്റർ ചെയ്ത് വെള്ളം പുതുതായി ടെസ്റ്റ് ചെയ്ത റിപ്പോർട്ട് ഒരാഴ്ചക്കകം നഗരസഭക്ക് നൽകുന്നതിന് അറിയിപ്പ് നൽകുവാൻ നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതായി നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!